മാസപ്പടി കേസ്: സിഎംആര്‍എല്‍ വീണ്ടും കോടതിയില്‍; തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യം

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍. എസ്എഫ്‌ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി നാളെ പരിഗണിക്കും.

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ദുരൂഹ ഇടപാടുകേസിലെ എസ്എഫ്‌ഐഒ യുടെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയത്. എസ്എഫ്‌ഐഒ കുറ്റപത്രം നല്‍കി വിചാരണ തുടങ്ങാനിരിക്കെയാണ് നീക്കം.

എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്നും കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷന്‍ അനുമതി നല്‍കിയോ എന്നതിലും വ്യക്തത വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കരുത്. റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും മുന്‍പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണം. എസ്എഫ്‌ഐഒ നീക്കം ദുരുദ്ദേശപരമാണ് എന്നും സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

അതേസമയം, സി.എം.ആര്‍.എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് വായ്പ എടുത്തശേഷം തിരിച്ചടക്കാതെ വീണയുടെ എക്‌സാ ലോജിക് കമ്പനി അടച്ചുപൂട്ടി വഞ്ചിച്ചെന്നാണ് പുതിയ കുറ്റപത്രത്തില്‍ പറയുന്നത്. എക്‌സാലോജിക് മുഖ്യപ്രതിയാവുന്ന ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക എസ്.എഫ്.ഐ.ഒ കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരുവിലെ കോടതിയില്‍ ആയിരിക്കും.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ കൂട്ടുപ്രതികള്‍ക്ക് ഒപ്പമാണ് വീണയുള്ളത്. 2.70 കോടിയുടെ സാമ്പത്തിക കുറ്റാരോപണമാണ് ഈ കേസില്‍ വീണയ്‌ക്കെതിരെ ഉള്ളത്. കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ പ്രതികള്‍ക്ക് സമന്‍സ് അയക്കും. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തുടരുന്നതിനിടെ വീണയ്‌ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ വരുന്നത് മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുന്നുണ്ട്.

webdesk13:
whatsapp
line