X

ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി മാനനഷ്ടക്കേസ് നല്‍കി

പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് തെരുവില്‍ ഭിക്ഷയെടുക്കല്‍ സമരം നടത്തിയ തനിക്കെതിരെ ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാജപ്രചാരണം നടത്തിയതിന് അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ദേശാഭിമാനി ചീഫ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍ എന്നിവരുള്‍പ്പെടെ 10 പേരെ എതിര്‍കക്ഷിയാക്കിയാണ് അടിമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്.

പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് നവംബര്‍ എട്ടിനാണ് 87കാരിയായ മറിയക്കുട്ടി അടിമാലി ടൗണില്‍ ഭിക്ഷയെടുത്ത് സമരം ചെയ്തത്. സി.പി.എം മുഖപത്രത്തില്‍ മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമി ഉണ്ടെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. പിന്നാലെ 1.5 ഏക്കര്‍ സ്ഥലം മറിയക്കുട്ടിക്കുണ്ടെന്നും 2 വാര്‍ക്കവീടുകള്‍ വാടകക്ക് നല്‍കിയിട്ടുണ്ടെന്നും മകള്‍ വിദേശത്താണെന്നുമടക്കമുള്ള വാര്‍ത്തകള്‍ സൈബര്‍ ഇടങ്ങളിലും പ്രചരിച്ചു. ഒടുവില്‍ മറിയക്കുട്ടി തന്നെ ഇറങ്ങി തനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന വിലേജ് ഓഫിസറുടെ സാക്ഷ്യപത്രം വാങ്ങി ആരോപണങ്ങളുടെ മുനയൊടിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ദേശാഭിമാനി വാര്‍ത്തയില്‍ തിരുത്ത് നല്‍കി. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണെന്നും ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ വന്ന വാ ര്‍ത്ത പിശകാണെന്നും ദേശാഭിമാനി തിരുത്തി. എന്നാല്‍, തിരുത്തിയതില്‍ കാര്യമില്ലെന്നും മാനനഷ്ടക്കേസ് നല്‍കുമെന്നും മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നു. ഒരു മാസത്തെ പെന്‍ഷന്‍ തുക മാത്രമാണ് ലഭിച്ചത്. മുഴുവന്‍ പെന്‍ഷന്‍ തുകയും ലഭിക്കണമെന്ന് മറിയക്കുട്ടി പറഞ്ഞു. സാധാരണക്കാരായ നിരവധിയാളുകളുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പ്രതിഷേധിച്ചത്. എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കണം -മറിയക്കുട്ടി പറഞ്ഞു

 

webdesk13: