രാഷ്ട്രീയത്തിലെ നെറികേടിനെകുറിച്ച് സി.പി.എമ്മുകാരനായ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും കൂടെക്കൂടെ ഓര്‍മിപ്പിക്കുകയും ചിലപ്പോഴൊക്കെ ഉപദേശിക്കുകയും ചെയ്യാറുണ്ട്. ഇതര പാര്‍ട്ടിക്കാര്‍ക്കും സംഘടനകളിലുള്ളവര്‍ക്കും സാംസ്‌കാരിക ബോധമില്ലെന്നും വിദ്യാഭ്യാസ കലാസാഹിത്യമേഖലകളില്‍ ഇടതുപക്ഷക്കാര്‍ മാത്രമാണ് സമുന്നതരെന്നുമൊക്കെയാണ് സി.പി.എം സദാ വായടിക്കാറ്. എന്നാല്‍ തങ്ങള്‍ക്കിഷ്ടപ്പെടാത്തവരെ ആക്രമിക്കുക, രാഷ്ട്രീയവിരോധികളെ വെട്ടിനുറുക്കിക്കൊല്ലുക, സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കെതിരെപോലും ലൈംഗിക പീഡനം നടത്തുക തുടങ്ങിയവയാണ് ഈ പാര്‍ട്ടിക്കാരുടെ സ്ഥിരം പരിപാടി. ഈ പരമ്പരയിലെ ഏറ്റവും നികൃഷ്ടമായ ഉദാഹരണമാണ് കേരളീയരെ വല്ലാതെ അഭിമാനഭംഗപ്പെടുത്തുന്നതും എന്തെന്നില്ലാതെ നൊമ്പരപ്പെടുത്തുന്നതും. ചോരയും നീരുമുള്ള ഏതൊരു മലയാളിയും കേള്‍ക്കാന്‍പോലും അറയ്ക്കുന്ന ദുഷ്പ്രചാരണമാണ് സ്വയം ഇടതുപക്ഷമെന്നഭിമാനിക്കുന്ന ഒരുപത്രം കഴിഞ്ഞദിവസം അച്ചടിച്ചുവിട്ടത്.
15 കൊല്ലത്തിലധികം ആഫ്രിക്കയില്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ 16 കോടിയോളം രൂപയുമായി ആന്തൂരില്‍ പണിത കണ്‍വന്‍ഷന്‍ സെന്ററിന് സി.പി.എം നേതൃത്വം നല്‍കുന്ന നഗരസഭാഅധികൃതര്‍ അനുമതി നിഷേധിച്ചതിനെതുടര്‍ന്നായിരുന്നു ചെറുപ്പക്കാരനായ സാജന്‍ പാറയില്‍ ജൂണ്‍ 18ന് കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വയം ജീവനൊടുക്കിയത്. ഇതിനെതിരെ അതിശക്തമായ ജനകീയരോഷമാണ് നാട്ടിലും വിദേശത്തും ഉയര്‍ന്നുവന്നത്. എന്നാല്‍ സംഭവത്തിന്റെ 25-ാം ദിവസം ജൂലൈ 13ന് സി.പി.എം മുഖപത്രം കണ്ടെത്തിയിരിക്കുന്നത് കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനല്ല സാജന്‍ ആത്മഹത്യചെയ്തതെന്നും മറ്റുചില കാരണങ്ങളാലാണെന്നുമാണ്. വാര്‍ത്തയില്‍ പറയുന്നതനുസരിച്ച് സാജന്റെ കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മരണത്തിന് കാരണം. ഭാര്യയുമായി ബന്ധപ്പെട്ട അവിഹിത ബന്ധങ്ങളാണ് സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് വാര്‍ത്തയുടെ ചുരുക്കം. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്ന് ജീവച്ഛവമായിരിക്കുന്ന ബീനക്കും അവരുടെ മക്കള്‍ക്കും മാത്രമല്ല, കേരളീയര്‍ക്കാകെ തീരാസങ്കടവും രോഷവും ഉളവാക്കുന്നതാണ് മേല്‍പ്രചാരണം. ഇതിനെതിരെ ബീനയും കുടുംബാംഗങ്ങളും പരസ്യമായി രംഗത്തുവരികയും ഇതില്‍ മനംനൊന്ത് തങ്ങളും ആത്മഹത്യചെയ്യുമെന്നുമാണ് പറയുന്നത്. തെറ്റായ വാര്‍ത്തയാണ് പത്രം പ്രസിദ്ധീകരിച്ചതെന്ന് ബീന പറയുമ്പോള്‍ അത് ചെന്നുകൊള്ളുന്നത് പത്രമോഫീസിലേക്കുമാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെ നേതൃതതലങ്ങളിലേക്കുകൂടിയാണ്. മജ്ജയും മാംസവും സാമാന്യബോധവുമുള്ള ഒരാള്‍ക്കും ഇത്തരത്തില്‍ ചിന്തിക്കാന്‍പോലും കഴിയുമോ. ആ കുടുംബത്തെ ഇത്രയധികം അപകീര്‍ത്തിപ്പെടുത്താന്‍ എന്തു പ്രചോദനമാണ് സി.പി.എമ്മിനും പത്രത്തിനുമുണ്ടായത്. വെറും അരലക്ഷം രൂപ ചെലവഴിച്ചപ്പോള്‍ മാസങ്ങളായിമുടങ്ങിയ കെട്ടിടാനുമതി നല്‍കിയവരാണിവര്‍. വ്യവസായിയായ ഒരു കുടുംബനാഥന്റെ ജീവന്റെ വിലയാണാ അമ്പതിനായിരം രൂപ. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍നിന്നുതന്നെ തുടച്ചുനീക്കപ്പെടുന്ന ചെയ്തികളാണ് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവായിരിക്കാം ഇത്തരമൊരു അതിനീചവും അനന്യഹീനവുമായ ദുഷ്പ്രചാരണത്തിന് സി.പി.എമ്മിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. സി.പി.എം ജില്ലാസെക്രട്ടറിയായിരുന്ന പി. ജയരാജനും സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഗോവിന്ദന്റെ ഭാര്യകൂടിയായ പ്രമീളയെ നഗരസഭാചെയര്‍പേഴ്‌സനെന്ന നിലയില്‍ സാജന് കെട്ടിടനമ്പര്‍ അനുവദിക്കാതിരിക്കാന്‍ കാരണമായതെന്നത് നാട്ടില്‍പാട്ടാണ്. കണ്ണൂര്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെ മറച്ചുപിടിക്കുകയും ജനങ്ങളുടെമുമ്പില്‍ നല്ലപിള്ള ചമയുകയുമാണ് അപവാദവാര്‍ത്തയിലൂടെ സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം ലക്ഷ്യമിട്ടത്. രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ അധ്യക്ഷനെതിരെ വില കുറഞ്ഞ മോദി ഭാഷ മുഖപ്രസംഗത്തിലുള്‍പ്പെടുത്താന്‍ ഉളുപ്പില്ലാത്ത കൂട്ടരാണിവര്‍. മാധ്യമധര്‍മം പഠിപ്പിക്കുന്നവരും ഇവര്‍തന്നെ!
ബീനയെയും കുടുംബത്തെയും മാത്രമല്ല, സാജന്റെ പേരിലുള്ള സിംകാര്‍ഡിന്റെ പേരില്‍ സാജന്റെ ഉറ്റ സുഹൃത്തുകൂടിയായ ഡ്രൈവര്‍ പ്രവാസി മന്‍സൂറിനെയും കുടുംബത്തെയും ലൈംഗികമായിപോലും അധിക്ഷേപിക്കാന്‍ പൊലീസിന്റെ ഒത്താശയോടെ സി.പി.എം തയ്യാറായി. ഇവരാണ് സ്ത്രീ പുരുഷ സമത്വത്തിന്റെ അപ്പോസ്തലന്മാര്‍. ഒരുലേഖകന്റെ മനോവിലാസമോ പാര്‍ട്ടി അടിമത്തമോ എന്നതിലുപരി പൊലീസിനെ ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖപത്രമെന്നനിലക്ക് വാര്‍ത്തക്ക് ആധികാരികത ലഭിക്കുമെന്ന വിചാരമായിരിക്കാം സി.പി.എമ്മിലെ ദുഷ്ചിന്തകരെ ഇതിന് പ്രേരിപ്പിച്ചിട്ടുണ്ടാകുക. എന്നാല്‍ പൊലീസുതന്നെ സാജന്റെ ആത്മഹത്യക്ക് കാരണം കെട്ടിടാനുമതി ലഭിക്കാത്തതുമൂലമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ ചൊവ്വാഴ്ചത്തെ വെളിപ്പെടുത്തല്‍ പത്രവാര്‍ത്തയുടെ നിഷേധവും ഭരണകക്ഷിക്കാരെ തള്ളിപ്പറയുന്നതുമാണ്. വാര്‍ത്തയിലൂടെ സംഭവിച്ച അപമാനവും ജാള്യതയും മറയ്്ക്കാനുള്ള ഒടിവിദ്യയാണ് പൊലീസിന്റെ പ്രസ്താവനയിലൂടെ നടത്തപ്പെട്ടിരിക്കുന്നത്. ഒരുവാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പത്രം കണക്കിലെടുത്തിരുന്നെങ്കില്‍ അത് നിഷേധിച്ചാലെങ്കിലും തുടര്‍വാര്‍ത്തകള്‍ പത്രം പ്രസിദ്ധീകരിക്കണമായിരുന്നു. ഇവിടെ അതുണ്ടായില്ലെന്നുമാത്രമല്ല, തെറ്റായ വാര്‍ത്ത തിരുത്താനോ മാപ്പ് പ്രകടിപ്പിക്കാനോ ഉള്ള സാമാന്യമര്യാദപോലും ഇത്ര ദിവസത്തിനുശേഷവും പത്രനടത്തിപ്പുകാര്‍ കാണിച്ചിട്ടില്ല.
പാര്‍ട്ടിയംഗമായിരുന്നിട്ടുപോലും വിദേശത്ത് പണിയെടുത്ത് പണമുണ്ടാക്കി കേരളത്തില്‍ അതുമുഴുവന്‍ നിക്ഷേപിച്ചിട്ടും കേസില്‍ ഇനിയും ആരെയും അറസ്റ്റുചെയ്യാന്‍ പിണറായി വിജയന്റെ പൊലീസിന് കഴിയുന്നില്ല. ഇല്ലാത്തപ്രശ്‌നത്തിന്റെ തലയില്‍ ആത്മഹത്യകെട്ടിവെച്ച് രക്ഷപ്പെടാനുള്ള തത്രപ്പാടിലാണിപ്പോള്‍ സര്‍ക്കാര്‍. ഇതേ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ് വടകരയില്‍ പാര്‍ട്ടി വിമതനായിരുന്ന ടി.പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട പിറ്റേന്ന് വാര്‍ത്താസമ്മേളനത്തില്‍ കൊലപാതകം മുസ്്‌ലിം ഭീകരരില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ പാഴ്ശ്രമം നടത്തിയത്. മാത്രമല്ല, പ്രതികളെ മുഴുവന്‍ രക്ഷപ്പെടുത്താന്‍ ഇതേ നേതൃത്വം നടത്തിയ ശ്രമങ്ങളും നാം കണ്ടു. ജയിലില്‍പോലും ടി.പി കേസ് പ്രതികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ വിളിച്ചുപറയുന്നതും മറ്റൊന്നല്ല. ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമയെയും അവരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുംവിധം സി.പി.എമ്മുകാര്‍ അധിക്ഷേപിക്കാത്ത വാക്കുകളില്ല . ഈ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് എം.എല്‍.എമാരെക്കുറിച്ച് വായിട്ടലക്കുന്നതും മുമ്പ് പ്രതിപക്ഷ എം.പിയെ ആക്ഷേപിച്ചതും. മോന്തായം വളഞ്ഞാല്‍ മൊത്തം വളയുമത്രെ. ഇവിടെ വളയുകയല്ല, മൊത്തം ഒടിഞ്ഞൂതൂങ്ങുകയാണ് ഓട്ടോറിക്ഷയില്‍കൊള്ളാവുന്ന ജനപ്രതിനിധികളെയും നെറികേടിന്റെ ആള്‍ക്കൂട്ടത്തെയും വഹിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി.
- 5 years ago
web desk 1
നെറികേടിന്റെ പേരോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി
Tags: CPMmarxist party