X

മാരുതി സ്വിഫ്റ്റ്, ബലേനോ കാറുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു

ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ അഭിമാന മോഡലായ സ്വിഫ്റ്റും ബലേനൊയും വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു. ബ്രേക്ക് സംവിധാനത്തിലെ തകരാറിനെത്തുടര്‍ന്നാണ് ജനസ്വീകാര്യത നേടിയ മോഡലുകളെ മാരുതി തിരിച്ചുവിളിക്കുന്നത്.

2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് വിദഗ്ധ പരിശോധനകള്‍ക്കായി തിരിച്ചുവിളിക്കുന്നത്. ബ്രേക്കിന്റെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഈ കാലയളവില്‍ നിര്‍മിച്ച 52,686 വാഹനങ്ങളെ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കാന്‍ കമ്പനി തീരുമാനിച്ചത്.
ഈ മാസം 14 മുതല്‍ സര്‍വീസ് കാമ്പയിന്‍ ആരംഭിക്കും. ഡീലറെ സമീപിച്ച് ഉടമകള്‍ക്ക് കാര്‍ പരിശോധിപ്പിക്കാമെന്ന് മാരുതി വൃത്തങ്ങള്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ആഗോളതലത്തില്‍ സര്‍വീസ് കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും ഇത് തികച്ചും സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ബലേനോ ഇതിനു മുമ്പും വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. എയര്‍ബാഗ് തകരാറിനെത്തുടര്‍ന്ന് 2016 മെയില്‍ 75419 കാറുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു.

chandrika: