അഡലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 299 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഷോണ്‍ മാര്‍ഷിന്റെ സെഞ്ച്വറിയുടെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ മികച്ച പ്രകടനത്തിന്റെയും കരുത്തിലാണ് 298 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും മുഹമ്മദ് ഷമി മൂന്നും വിക്കറ്റെടുത്തു.
ഓപണര്‍മാരായ ആരോണ്‍ ഫിഞ്ചിനെയും (6) അലക്‌സ് കാരിയെയും (18) പെട്ടെന്ന് മടക്കാന്‍ ഇന്ത്യക്കായെങ്കിലും ഉസ്മാന്‍ ഖവാജ (21), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (20), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (29) എന്നിവരുടെ പിന്തുണയോടെ ഷോണ്‍ മാര്‍ഷ് ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു. 123 പന്ത് നേരിട്ട മാര്‍ഷ് 11 ഫോറും മൂന്ന് സിക്‌സറുമടിച്ചു.
അഞ്ചുവിക്കറ്റിന് 189 എന്ന നിലയില്‍ ക്രീസിലെത്തിയ മാക്‌സ്‌വെല്‍ (37 പന്തില്‍ 48) മാര്‍ഷിന് മികച്ച പിന്തുണ നല്‍കിയതോടെ ഓസീസ് ഇന്നിങ്‌സിന് വേഗത കൈവന്നു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 94 റണ്‍സ് ആണ് കംഗാരുക്കളുടെ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ഇരുവരെയും ഭുവനേശ്വര്‍ ആണ് മടക്കിയത്.
നതാന്‍ ലിയോണ്‍ അഞ്ച് പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 12 റണ്‍സ് അവസാന ഘട്ടത്തില്‍ ഓസീസിന് ആശ്വാസം പകര്‍ന്നു.
മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലെ ടീമില്‍ ചെറിയ മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്‍ അഹ്മദിനു പകരം മുഹമ്മദ് സിറാജിന് അരങ്ങേറാന്‍ അവസരം ലഭിച്ചു. മൂന്ന് സ്‌പെല്ലുകളിലായി തന്റെ പത്ത് ഓവര്‍ എറിഞ്ഞുതീര്‍ത്ത സിറാജ് വിക്കറ്റൊന്നുമില്ലാതെ 76 റണ്‍സ് വഴങ്ങി.