ബെംഗളൂരു: വിവാഹത്തിനായുള്ള തെരഞ്ഞെടുപ്പ് ഒരു മുതിര്‍ന്ന പൗരന്റെ മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി. ഭരണഘടന അത് ഉറപ്പു നല്‍കുന്നുണ്ട് എന്നും ജസ്റ്റിസുമാരായ എസ് സുജാത, സചിന്‍ ശങ്കര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
ഈയിടെ അലഹബാദ്, ഡല്‍ഹി ഹൈക്കോടതികളും സമാന വിധി പ്രസ്താവം നടത്തിയിരുന്നു. ‘ലവ് ജിഹാദി’നെതിരെ ബിജെപി സംസ്ഥാനങ്ങള്‍ നിയമം കൊണ്ടു വരുന്ന വേളയിലാണ് കോടതികളുടെ ഇടപെടല്‍.
രണ്ട് സോഫ്റ്റ്‌വെയര്‍ ഉദ്യോഗസ്ഥരുടെ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മതം ജാതി എന്നിവയ്‌ക്കെല്ലാം അപ്പുറത്ത് നില്‍ക്കുന്നതാണ് രണ്ടു പേര്‍ തമ്മിലുള്ള വ്യക്തിഗത ബന്ധത്തിനുള്ള സ്വാതന്ത്ര്യം. അതില്‍ അതിക്രമിച്ചു കയറാന്‍ പാടില്ല- കോടതി വ്യക്തമാക്കി.
വജീദ് ഖാന്‍ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് രമ്യ എന്ന തന്റെ സുഹൃത്തിനു വേണ്ടി കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. കോടതി നിര്‍ദേശം അനുസരിച്ച് ചന്ദ്ര ലേഔട്ട് പൊലീസ് രമ്യയെ കോടതിയില്‍ ഹാജരാക്കി. രമ്യയുടെ മാതാപിതാക്കളായ ഗംഗാധറും ഗിരിജയും വജീദ് ഖാന്റെ മാതാപിതാക്കളും കോടതിയില്‍ ഉണ്ടായിരുന്നു.
വജീദിനെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും എന്നാല്‍ മാതാപിതാക്കള്‍ അതിനു തടസ്സം നില്‍ക്കുകയാണ് എന്നും രമ്യ കോടതിയില്‍ പറഞ്ഞു. ഇപ്പോള്‍ മഹിള ദക്ഷത സമിതിയുടെ ഹോസ്റ്റലില്‍ കഴയുകയാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവാഹത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല എന്നാണ് വജീദിന്റെ മാതാവ് ശ്രീലക്ഷ്മി നിലപാടെടുത്തത്. എന്നാല്‍ രമ്യയുടെ രക്ഷിതാക്കള്‍ എതിര്‍ത്തു.
എന്നാല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രമ്യ ഭാവി ജീവിതത്തെ കുറിച്ച് സ്വന്തമായ തീരുമാനമെടുക്കാന്‍ ശേഷിയുള്ള ഒരാളാണ് എന്ന് കോടതി നിരീക്ഷിച്ചു. ഹോസ്റ്റലില്‍ നിന്ന് മോചിപ്പിക്കാന്‍ മഹിള സമിതിയോട് കോടതി ഉത്തരവിടുകയും ചെയ്തു.