ജയ്പൂര്: എട്ടാം വയസില്‍ വിവാഹം. 21-ാം വയസില്‍ നീറ്റ് പരീക്ഷയില്‍ വിജയം. വൈവാഹിക ജീവിതത്തില്‍ നിന്നു കൊണ്ടാണ് രൂപ മെഡിക്കല്‍ പരീക്ഷയില്‍ വിജയം നേടിയത്. വിജയത്തിലെത്താന്‍ രൂപ യാദവ് താണ്ടിയ കടമ്പകളും ഏറെയാണ്.
12 വര്‍ഷം മുന്‍പു മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജയ്പൂരിലെ ചോമുവിലുള്ള രൂപ യാദവ് 12കാരനെ വിവാഹം കഴിക്കുന്നത്. ബാലവിവാഹമായിരുന്നുവെങ്കിലും പഠനം തുടരാന്‍ ഭര്‍തൃവീട്ടുകാര്‍ സഹായിച്ചു. ഇന്ന് 21നാം വയസില്‍ നീറ്റ് പരീക്ഷ വിജയിച്ചു എംബിബിഎസിന് ചേരാനുള്ള ഒരുക്കത്തിലാണ് രൂപ. നീറ്റില്‍ 603 മാര്‍ക്കാണ് രൂപ നേടിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പഠനത്തിന് പ്രവേശിക്കാമെന്ന ആത്മവിശ്വാസത്തിലാണ് രൂപ. മൂന്നാമത്തെ ശ്രമത്തിലാണ് രൂപക്ക് നീറ്റില്‍ വിജയം നേടാനായത്. ഭര്‍തൃവീട്ടില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ രൂപക്ക് എസ്എസ്എല്‍സിയില്‍ 84ശതമാനം മാര്‍ക്കുണ്ടായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തുടര്‍ന്നു പഠിക്കുന്നതിനോട് താല്‍പര്യം കാട്ടിയിരുന്നു. വീട്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ എത്തിയാണ് പ്ലസ്ടു പൂര്‍ത്തിയാക്കിയത്. പ്ലസ് വണിന് 81 ശതമാനവും പ്ലസ്ടുവിന് 84 ശതമാനവും മാര്‍ക്ക് നേടി. രൂപക്ക് പഠനത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് അവള്‍ പഠിച്ച കോച്ചിങ് ഇന്‍സിസ്റ്റിയൂട്ടിലെ അധികൃതര്‍.