ന്യൂഡല്‍ഹി: വിവാഹ രജിസ്‌ട്രേഷന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്ന് ലോ കമ്മീഷന്‍ വ്യക്തമാക്കി. അതേ സമയം നിയമ കമ്മീഷന്‍ സര്‍ക്കാറിന് നല്‍കിയ നിര്‍ദ്ദിഷ്ട ബില്ലില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല. സാമൂഹ്യ ക്ഷേമ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ്, സ്‌കൂളുകളിലെ ഉച്ച ഭക്ഷണം, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ അനുകൂലമാണ്. കഴിഞ്ഞ മാസം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. നിയമ മന്ത്രാലയത്തിന് നിയമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ജനന, മരണ, വിവാഹ രജിസ്‌ട്രേഷന്‍ ഭേദഗതി ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹ രജിസ്‌ട്രേഷന്‍ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിവാഹ രജിസ്‌ട്രേഷന്‍ 30 ദിവസത്തിനകം നടത്തിയില്ലെങ്കില്‍ ഒരു ദിവസത്തിന് അഞ്ചു രൂപവീതം പിഴ ഈടാക്കണമെന്നാണ് കമ്മീഷന്റെ ശിപാര്‍ശ. ജനന, മരണ രജിസ്‌ട്രേഷന്‍ നിര്‍ദിഷ്ട കാലാവധിക്കകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഒരു വര്‍ഷം വരെ രജിസ്റ്റര്‍ നിര്‍ദേശിച്ച അധികൃതരുടെ എഴുതപ്പെട്ട അനുമതിയോട് കൂടിയോ, അല്ലാത്ത പക്ഷം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഓര്‍ഡറോട് കൂടിയോ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ എന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.