വിദേശത്ത് വിവാഹിതരായവര്‍ക്ക് സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമല്ല: ഹൈകോടതി

വിദേശത്ത് നിന്നും വിവാഹിതരായവര്‍ക്ക് സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമല്ലെന്ന് ഹൈകോടതി. ഇത്തരം വിവാഹങ്ങള്‍ ഫോറിന്‍ മാര്യേജ് ആക്ടിലൂടെ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, വിദേശത്ത് നിന്നും വിവാഹിതരായ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയവര്‍ക്ക് വിദേശത്തേക്ക് പോകാതെ തന്നെ ഓണ്‍ലൈന്‍ വഴി ഫോറിന്‍ മാര്യേജ് ആക്ടിലൂടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനും ജസ്റ്റിസ് സി.എസ്. ഡയസ് അനുമതി നല്‍കി.

തൃശൂര്‍ സ്വദേശി പി.ജി. വിപിനും ഇന്തോനേഷ്യനയില്‍ നിന്നുള്ള ഭാര്യ മാഡിയ സുഹര്‍കയും നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

2014ലാണ് ഇരുവരും ഇന്തോനേഷ്യയില്‍ വെച്ച് വിവാഹിതരാവുന്നത്. നിലവില്‍ ഇവര്‍ തൃശൂരിലാണ് താമസം. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. വിവാഹം ഇന്ത്യയില്‍ വെച്ച് നടക്കാത്തതിനാല്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് ബാധകമല്ലെന്നും വിദേശത്ത് നടന്ന വിവാഹമായതുകൊണ്ടുത്തന്നെ ഫോറിന്‍ മാര്യേജ് ആക്ടാണ് ബാധകമാവുകയെന്നും കോടതി വ്യക്തമാക്കി.

ദമ്പതികള്‍ ഫോറിന്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഓണ്‍ലൈനില്‍ ഇതിന് കോടതി അവസരം നല്‍കി. ഇതിനാവശ്യമായ സഹായം ചെയ്തുനല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി.

 

webdesk17:
whatsapp
line