ന്യൂഡല്‍ഹി: കറന്‍സി പ്രതിസന്ധി തുടരുന്നതിനിടെ വിവാഗ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. പിന്‍വലിക്കുന്ന പണം ആര്‍ക്ക് കൈമാറുന്നുവെന്ന് വ്യക്തമാക്കണമെന്നതാണ് ആര്‍ബിഐ മാനദണ്ഡങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പണം സ്വീകരിക്കുന്ന വ്യക്തിക്ക് ബാങ്ക് അക്കൗണ്ടില്ലെന്ന് ബോധ്യപ്പെടുത്തണമെന്നും ആര്‍ബിഐ ആവശ്യപ്പെടുന്നു. പ്രത്യേക അപേക്ഷാ ഫോമില്‍ ഇക്കാര്യങ്ങള്‍ സമര്‍ത്ഥിക്കണമെന്നും ബാങ്കുകളുടെ ബാങ്ക് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം ഡിസംബര്‍ 30ന് മുമ്പുള്ള വിവാഹങ്ങള്‍ക്ക് മാത്രമാണ് ഇതു ബാധകമെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്ന് രണ്ടര ലക്ഷം രൂപ പിന്‍വലിക്കാമെന്നറിയിച്ച് ആര്‍ബിഐ കഴിഞ്ഞ ദിവസമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ചത്.