X

‘നിങ്ങളുടെ ഒരു ദിവസത്തെ റേഷന്‍ അരി എത്തിച്ചു തരുവാന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചുകൊള്ളുന്നു’;1946-ലെ ക്ഷണക്കത്ത് വമ്പന്‍ ഹിറ്റ്

കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ എന്തും ഹിറ്റാകും. എന്ത് വാര്‍ത്തയായാലും ചിത്രമായാലും എന്തും തകര്‍ത്തോടും ഇവിടെ. എന്നാലിപ്പോള്‍ ഹിറ്റായിരിക്കുന്നത് ഒരു വിവാഹക്കത്താണ്. അതും 1946-ലെ. കത്ത് മാത്രമല്ല, കത്തിലെ എഴുത്തും ഹിറ്റായിരിക്കുകയാണ് സോഷ്യല്‍മീഡിയയിലിപ്പോള്‍. 1946-ല്‍ കൊയിലാണ്ടിയിലെ പെരുവട്ടൂരില്‍ നടന്ന വിവാഹത്തിന്റേതാണ് ഈ ക്ഷണക്കത്ത്.

കത്തിന്റെ അവസാനഭാഗത്തുള്ള കുറിപ്പാണ് കത്തിനെ ഹിറ്റാക്കിയിരിക്കുന്നത്. ‘നിങ്ങളുടെ ഒരു ദിവസത്തെ റേഷന്‍ അരി കൂടി എത്തിച്ചുതരുവാന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചുകൊള്ളുന്നു’ എന്നാണ് കത്തിന്റെ അവസാനഭാഗത്തുള്ള കുറിപ്പ്. അക്കാലത്ത് റേഷന്‍ കടകളിലൂടെ മാത്രമാണ് അരി ലഭിച്ചിരുന്നത്. ഇത് ലഭിക്കാന്‍ വേണ്ടിയായിരുന്നു ഓരോ വിവാഹക്കത്തിന്റേയും കൂടെ ഇത്തരത്തിലുള്ള കുറിപ്പും നല്‍കിയിരുന്നത്. വിവാഹത്തിന് മുമ്പുള്ള ദിവസങ്ങളില്‍ തന്നെ അരി വീട്ടിലെത്തിക്കാനും പണ്ടുള്ളവര്‍ ശ്രദ്ധിച്ചിരുന്നു. പണ്ടുകാലത്തെ ദാരിദ്ര്യത്തിന്റെ ആഴമാണ് ഈ ക്ഷണക്കത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. എന്തായാലും കത്തും കത്തിലെ എഴുത്തുകുത്തും സോഷ്യല്‍മീഡിയയില്‍ കൗതുകം പരത്തിയിരിക്കുകയാണിപ്പോള്‍.

Web Desk: