കുവൈത്തില്‍ കെട്ടിടവാടക അടയ്ക്കാത്തതിന്റെ പേരില്‍ വിവാഹത്തിനായി നാട്ടിലേക്ക് പോന്ന യുവാവിന്റെ യാത്ര മുടങ്ങി. നിശ്ചയിച്ച ദിവസം എത്താന്‍ കഴിയാത്തതുമൂലം വിവാഹ തിയ്യതി മറ്റൊരു ദിവസത്തേക്ക് മാറ്റി. കോഴിക്കോട് ഫറൂക്ക് സ്വദേശി അരുണ്‍ കുമാറിനാണ് വാടകയുടെ പേരില്‍ സ്വന്തം വിവാഹദിവസം നാട്ടിലെത്താന്‍ കഴിയാതിരുന്നത്. അവസാനം കെ.കെ.എം.എ നേതാക്കള്‍ ഇടപ്പെട്ടാണ് യാത്രാവിലക്ക് നീക്കിയത്.
കോവിഡ് സമയത്ത് അരുണ്‍ എട്ടുമാസം നാട്ടില്‍ പോയിരുന്നു. ഈ സമയത്തെ കെട്ടിടവാടക നല്‍തിയിരുന്നില്ല. പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് തിരിച്ച് ജോലിയ്ക്ക് കയറിതിന് ശേഷം ആരും വാടകയെ കുറിച്ച് അന്വേഷിച്ചതുമില്ല. ഇതോടെ അത് ഒഴിവാക്കി എന്നായിരുന്നു അരുണ്‍ വിചാരിച്ചത്. പിന്നീട് നാട്ടിലേക്ക് വരാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് സംഭവം പ്രശ്‌നമായത്. 1031 ദീനാറാണ് അടയ്ക്കാനുണ്ടായിരുന്നത്. കോടതിയില്‍ തുക കെട്ടിവെക്കാന്‍ വിമാനത്താവളത്തില്‍ നിന്ന് അറിയിച്ചതോടെ അരുണിന് യാത്ര ഉപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് പ്രശ്‌നത്തില്‍, ലോയര്‍ ഓഫീസില്‍ ജോലിചെയ്യുന്ന കെ.കെ.എം.എ കേന്ദ്ര മതകാര്യവകുപ്പ് വൈസ് പ്രസിഡന്റ് അബ്ദുല്‍ കലാം മൗലവി ഇടപെടുകയായിരുന്നു. വെള്ളി,ശനി ദിവസങ്ങളില്‍ അവധിയായതിനാല്‍ തുക അടയ്ക്കാനായില്ല. ഞായാറാഴ്ച തുക കെട്ടിവയ്ക്കുകയും യാത്രവിലക്ക് നീങ്ങുകയും ചെയ്തു.