ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രമാണെന്നും അതുകൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നല്‍കില്ലെന്നും അലഹബാദ് ഹൈക്കോടതി. ഹിന്ദു വിവാഹ നിയമം പ്രകാരമുള്ള അസാധാരണമായ ബുദ്ധിമുട്ടില്ലാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നല്‍കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് ഡൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
നിശാന്ത് ഭരദ്വാജ്, റിഷിക ഗൗതം ദമ്പതികള്‍ ഹിന്ദു നിയമത്തിലെ വകുപ്പ് 13 ബി പ്രകാരം വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ വിവാഹമോചന ഹര്‍ജി ഹൈക്കോടതി തള്ളി. പതിവ് കാരണങ്ങളല്ലാതെ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നേടേണ്ട സാഹചര്യങ്ങളൊന്നും ഈ കേസിലില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
വിവാഹമോചനത്തിന് വേണ്ടി ആദ്യം ഇവര്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വകുപ്പ് 14ല്‍ പറയുന്ന വിവാഹമോചനത്തിനുള്ള ഏറ്റവും കുറഞ്ഞ സമയപരിധി ഈ ദമ്പതികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ച സഹാരണ്‍പൂരിലെ കുടുംബ കോടതി അപേക്ഷ തള്ളി. തുടര്‍ന്ന് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ പുതിയ ആപ്ലിക്കേഷന്‍ നല്‍കാമെന്ന് പറഞ്ഞ് അപ്പീല്‍ തള്ളുകയായിരുന്നു.