ശ്രീനഗര്‍: പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ 35കാരനെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്. ജമ്മു കശ്മീരിലെ ഉദ്ധംപൂര്‍ ജില്ലയിലെ രാംനഗര്‍ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കട്വാള്‍ട്ട് ഗ്രാമത്തിലെ ഗ്രാമമുഖ്യനാണ് 13 വയസുള്ള പെണ്‍കുട്ടിയെ 35 വയസുളള വ്യക്തിക്ക് വിവാഹം കഴിച്ചു കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. പൊലീസ് സംഘം ഉടനടി സ്ഥലത്തെത്തി റെയ്ഡ് നടത്തി. പെണ്‍കുട്ടിക്ക് 13 വയസ് മാത്രമേ പ്രായമുള്ളൂവെന്ന് അവിടെ നിന്ന് ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് വ്യക്തമായെന്ന് ഉദ്ധംപൂര്‍ എസ്എസ്പി സര്‍ഗുണ്‍ ശുക്ല പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, അയാളുടെ മാതാപിതാക്കള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാല വിവാഹ നിരോധന നിയമപ്രകാരമാണ് രാംഗര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.