വിപണിയിൽ തിരിച്ചടി; മെക്സിക്കോ, കാനഡ താരിഫ് ഏർപ്പെടുത്തുന്നതിൽ നിന്ന് തൽക്കാല​ത്തേക്ക് പിന്മാറി ട്രംപ്

കനേഡിയന്‍, മെക്സിക്കന്‍ ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ വർധനവ് വൈകിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ രണ്ട് വരെയാണ് തീരുവ വർധിപ്പിക്കുന്ന നീക്കം ട്രംപ് സ്റ്റേ ചെയ്തത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കം സാമ്പത്തിക വിപണികളിൽ വലിയ തിരിച്ചടിയായിരുന്നു. കമ്പനികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ് ട്രംപിൻ്റെ നടപടി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുരാജ്യങ്ങൾക്കും 25 ശതമാനം തീരുവ വർധന ചുമത്തിയുള്ള ട്രംപിന്റെ നടപടി പ്രാബല്യത്തിൽ വന്നത്. പിന്നാലെ യുഎസ് ഓഹരി വിപണികൾ ഇടിഞ്ഞിരുന്നു. ഇതിനൊപ്പം അയൽ രാജ്യങ്ങൾക്ക് കരം ചുമത്തുന്ന നടപടി യുഎസിൻ്റെ വളർച്ചയെ ബാധിക്കുമെന്നും, പണപ്പെരുപ്പം വർധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.

പിന്നാലെയാണ് തീരുവ വർധന വൈകിപ്പിക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്.ട്രംപ് തന്റെ ആദ്യ ടേമിൽ ഒപ്പുവച്ച വടക്കേ അമേരിക്കയുടെ സ്വതന്ത്ര വ്യാപാര കരാറിലെ യുഎസ്-മെക്സിക്കോ-കാനഡ കരാർ (യുഎസ്എംസിഎ) പ്രകാരം കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്കും തീരുവയിൽ നിന്നുള്ള ഇളവ് ബാധകമാണ്.

എന്നാൽ എന്നാൽ തന്റെ തീരുമാനത്തിന് പിന്നിൽ വിപണിയിലെ പ്രതിസന്ധികളാണെന്ന വാർത്തകൾ ട്രംപ് തള്ളി. വിപണിയിലെന്താണ് സംഭവിക്കുന്നതെന്ന് താൻ  ശ്രദ്ധിക്കുന്നു  പോലുമില്ലെന്നാണ് ട്രംപിൻ്റെ പക്ഷം. അമേരിക്ക ദീർഘകാലാടിസ്ഥാനത്തിൽ വിപണിയിൽ വളരെ ശക്തരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നിയമവിരുദ്ധ കുടിയേറ്റം, യുഎസിലേക്കുള്ള മയക്കുമരുന്നിൻ്റെ വരവ് എന്നിവ തടയാനാണ് മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ അധിക തീരുവ ചുമത്തുന്നതെന്നായിരുന്നു ട്രംപിന്റെ വാദം. ഇവയിൽ വമ്പിച്ച പുരോഗതി ഉണ്ടായെന്ന് ട്രംപ് അവകാശപ്പെട്ടു. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമുമായി വളരെ നല്ല സംഭാഷണം നടത്തിയെന്നും ട്രംപ് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച ഇരുരാജ്യങ്ങളുടെയും അധികാരികളോട് സംസാരിച്ച ശേഷമാണ് ട്രംപ് ഉത്തരവിൽ ഒപ്പുവെച്ചത്.

ട്രംപിന്റെ നീക്കത്തിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം നന്ദി പറഞ്ഞു. എന്നാൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് രണ്ടാം ഘട്ട പ്രതികാര തീരുവ ചുമത്തുമെന്നായിരുന്നു കാനേഡിയൻ ധനമന്ത്രിയുടെ പ്രസ്താവന. രാവിലെ ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ താരിഫുകളെക്കുറിച്ച് വളരെ നല്ല സംഭാഷണം നടത്തിയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഫോൺ കോളിനിടെ യുഎസ് പ്രസിഡന്റ് ഒന്നിലധികം തവണ അശ്ലീല ഭാഷ ഉപയോഗിച്ചതായും യുഎസ്, കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

webdesk13:
whatsapp
line