X

മര്‍കസ് വിഷയത്തില്‍ പൊലീസ് നടത്തുന്നത് കാടത്തം: എം.കെ മുനീര്‍

കോഴിക്കോട്: കാരന്തൂര്‍ മര്‍കസിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് കിരാത നടപടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. മുസ്‌ലിം യൂത്ത്‌ലീഗ് നേതാവടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അംഗീകരിക്കാനാവില്ല. പന്തീര്‍പ്പാടം പള്ളിയില്‍ നിന്ന് നോമ്പുതുറന്ന് പുറത്തിറങ്ങിയ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.സലീമിനെ ഒറ്റതിരിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമസംഭവവുമായി യാതൊരു ബന്ധവുമില്ലാതെ വിദേശത്തുള്ളവരുടേയും അസുഖം ബാധിച്ച് കിടപ്പിലായവരുമെല്ലാം കേസിലെ പ്രതികളാകുന്ന സ്ഥിതിയാണ്.

മര്‍കസ് വിഷയത്തില്‍ മുസ്‌ലിംലീഗിനെതിരെ ഒറ്റതിരിഞ്ഞുള്ള അക്രമണമാണ് നടക്കുന്നതെന്ന് മുനീര്‍ പറഞ്ഞു. സമരപ്പന്തല്‍ കെട്ടാന്‍ പറ്റില്ലെന്ന് പറയുന്നതില്‍ ന്യായമില്ല. നിരപരാധികളെ രാത്രിയില്‍ പൊലീസ് വേട്ടയാടുകയാണ്. സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി പൊലീസ് സേവ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിംലീഗിന്റെ ആഭിമുഖ്യത്തിലല്ല മര്‍കസിന് മുന്നില്‍ സമരം നടത്തുന്നത്. കോഴ്‌സ് പഠിച്ച് വഞ്ചിതരായ 400ലധികം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക മാത്രമാണ് പാര്‍ട്ടി ചെയ്തത്. കാന്തപുരം വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫ് അടക്കം മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിലുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ എഴുതി തയ്യാറാക്കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് യുവജനവിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കുന്ദമംഗലം പൊലീസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും മുനീര്‍ പറഞ്ഞു.

chandrika: