X

മര്‍ക്കസ് വിവാദം: വിദ്യാര്‍ത്ഥികളുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി

കൊച്ചി: കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് കോളജിലെ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് നല്‍കിയ പൊലീസ് സംരക്ഷണ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപ്പെട്ടില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്നും മര്‍ക്കസ് മാനേജ്‌മെന്റ് വഞ്ചിച്ചുവെന്നുള്ള വിദ്യാര്‍ത്ഥികളുടെ വാദത്തില്‍ കഴമ്പുണ്ടെന്നും ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.
തട്ടിപ്പിനിരയായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. മെയ് 16 ന് പൊലീസ് ഇത് സംബന്ധിച്ച് പ്രഥമവിവര റിപ്പോര്‍ട്ട് ഇട്ടെന്നും എന്നാല്‍ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയ മര്‍ക്കസ് മാനേജ്‌മെന്റിന്റെ ചെയര്‍മാന്‍ എ.പി അബുബക്കര്‍ മുസ്‌ല്യാര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം വിദേശത്തേക്ക് യാത്ര പോയതായും സമരസമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കേസില്‍ എത്രയും വേഗം അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മര്‍ക്കസില്‍ എന്തെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടായാല്‍ പൊലീസിന് ഇടപെടാമെന്നും കോടതി പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള മര്‍ക്കസ് മാനേജ്‌മെന്റിന്റെ ഹര്‍ജി കോടതി തീര്‍പ്പാക്കി.

chandrika: