കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍നിര താരം മാര്‍ക് സിഫ്‌നിയോസ് ക്ലബ്ബ് വിട്ടു. പരസ്പര ധാരണയോടെയാണ് താരം ക്ലബ്ബ് വിടുന്നതെന്നും ക്ലബ്ബിന് നല്‍കിയ സംഭാവനയ്ക്ക് താരത്തോട് നന്ദിയുണ്ടെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. 21-കാരനായ സിഫ്‌നിയോസ് 12 മത്സരങ്ങളില്‍ നിന്നായി നാല് ഗോള്‍ നേടിയിരുന്നു.
2015-ല്‍ 19-ാം വയസ്സില്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച സിഫ്‌നിയോസ് ഡച്ച് ക്ലബ്ബ് ആര്‍.കെ.സി വാല്‍വിയ്ക്കില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ഗ്രീക്ക് വേരുകളുള്ള ഡച്ച് താരമായ അദ്ദേഹം ഐ.എസ്.എലില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമായിരുന്നു. ഈ സീസണില്‍ ഐ.എസ്.എല്ലിന്റെ നൂറാം ഗോള്‍ നേടിയതും അദ്ദേഹം തന്നെയാണ്.
യൂറോപ്യന്‍ ഫുട്‌ബോളില്‍ ജനുവരി ട്രാന്‍സ്ഫര്‍ കാലയളവ് ആയതിനാല്‍, നെതര്‍ലാന്റ്‌സിലെയോ ഗ്രീസിലെയോ ക്ലബ്ബുകളിലേക്ക് കൂടുമാറുന്നതിന്റെ ഭാഗമായാണ് സിഫ്‌നിയോസിന്റെ തീരുമാനം എന്ന് സൂചനകളുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഒരു യൂറോപ്യന്‍ ക്ലബ്ബുമായി താരം ധാരണയിലെത്തിയിട്ടുണ്ടെന്നും ജനുവരി 31-ന് മുമ്പ് ചിത്രം വ്യക്തമാകുമെന്നും താരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.