X

‘എന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, ഗുജറാത്തിൽ ഇന്ത്യ സഖ്യം നിങ്ങളെ തോൽപ്പിച്ചിരിക്കും’; ബി.ജെ.പിയെ വെല്ലുവിളിച്ച് രാഹുൽ

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ വാക്കുകള്‍. ‘എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, ഗുജറാത്തില്‍ ഇത്തവണ ഇന്ത്യ സഖ്യം നിങ്ങളെ തോല്‍പ്പിച്ചിരിക്കും’ -രാഹുല്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ കൈയടികളോടെയാണ് രാഹുലിന്റെ വാക്കുകള്‍ക്ക് പ്രതികരിച്ചത്.

ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനിന്ന രാഹുലിന്റെ പ്രസംഗം കേന്ദ്ര സര്‍ക്കാറിന് കനത്ത പ്രഹരമായി. രാജ്യത്തെ ഓരോ പ്രശ്‌നങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബി.ജെ.പി അക്രമവും വിദ്വേഷവും വിതക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. അവര്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല.

ബി.ജെ.പി ഈ രാജ്യത്ത് എത്രത്തോളം ഭയം നിറച്ചുവെന്ന് രാഹുല്‍ ചോദിച്ചു. രാമജന്മഭൂമിയായ അയോധ്യ ബി.ജെ.പിക്ക് മറുപടി നല്‍കി. അയോധ്യയില്‍ മത്സരിക്കണോയെന്ന് മോദി രണ്ടുതവണ പരിശോധിച്ചു. അയോധ്യയില്‍ മത്സരിക്കാന്‍ സാധിക്കുമോയെന്ന് പ്രധാനമന്ത്രി സര്‍വേ നടത്തി. സര്‍വേ നടത്തിയവര്‍ വേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം വാരാണസിയില്‍ മത്സരിച്ചത്. വാരാണസിയില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അയോധ്യയില്‍ ക്ഷേത്ര ഉദ്ഘാടനത്തിന് അംബാനിയും അദാനിയും ഉണ്ടായിരുന്നു. എന്നാല്‍ അയോധ്യ നിവാസികള്‍ ഉണ്ടായിരുന്നില്ല.

മണിപ്പൂരിനെ ബി.ജെ.പി ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടുവെന്ന് രാഹുല്‍ വിമര്‍ശിച്ചു. ഒരിക്കല്‍ പോലും അവിടം സന്ദര്‍ശിക്കാന്‍ മോദി തയാറായില്ല. രാജ്യത്ത് വീരമൃത്യു സംഭവിച്ചാലും സഹായമില്ലെന്നും രാഹുല്‍ ആരോപിച്ചു. നീറ്റ് പരീക്ഷക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. നീറ്റ് പ്രഫഷനല്‍ പരീക്ഷയല്ല, കമേഴ്‌സ്യല്‍ പരീക്ഷയായി മാറി. രാജ്യത്തെ സമ്പന്നരുടെ പരീക്ഷയായി നീറ്റിനെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. ഏഴ് വര്‍ഷത്തിനിടെ 70 തവണ ചോദ്യപേപ്പര്‍ ചോര്‍ന്നു. പരീക്ഷ നടത്തിപ്പിന്റെ പാളിച്ചയാണ് നീറ്റില്‍ കണ്ടതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

webdesk13: