എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെ പൊലീസ് കേസെടുത്തതിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.
മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയും മഹാരാജാസിലെ വിദ്യാർഥി സി.എ ഫാസിൽ നാലാം പ്രതിയുമാണ്. ഇവർക്കു പുറമെയാണ് കെഎസ്‌യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്തു എന്നതിന്റെ പേരിൽ മാത്രം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയത്.
അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ ഇടതുമുന്നണിയിൽ തന്നെ ഭിന്നതയുണ്ട്. സിപിഐ നേതാവ് സി. ദിവാകരൻ സർക്കാർ നടപടിയിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാർ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും സര്‍ക്കാര്‍ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സി. ദിവാകരൻ തുറന്നടിച്ചിരുന്നു.
മഹാരാജാസ് കോളജിൽ വ്യാജരേഖാ കേസിലെ കെഎസ്‌യു പ്രതിഷേധം കഴിഞ്ഞ ജൂൺ ആറിനാണ് അഖില റിപ്പോർട്ട് ചെയ്തത്. കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പ്രവേശിക്കുകയും ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെഎസ്‌യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം തേടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച പി.എം ആർഷോക്കെതിരായ മാർക്ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണമെന്ന തരത്തിൽ അഖില റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.