X

മാര്‍ക്ക് നിയമന വിവാദം; ക്രിമിനലുകളെ ചുമക്കുന്നതിന്റെ ഫലമാണെന്ന് കെ. സുധാകരന്‍

40 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ സംഘടനാ തലപ്പത്ത് പ്രതിഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ ദുരന്തമാണ് ഇപ്പോള്‍ മഹാരാജാസ് കോളേജും മറ്റു കാമ്പസുകളും നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളയെും പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഈ തെറ്റിനെ തലയിലേറ്റി വച്ചിരിക്കുകയാണ്.

ആര്‍ഷോ മഹാരാജാസ് കോളജില്‍ പിജി പരീക്ഷ എഴുതാതെ പാസായപ്പോള്‍ സുഹൃത്തും കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ കെ വിദ്യ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജപ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രണ്ടിടത്ത് ഗസ്റ്റ് ലക്ചര്‍ നിയമനം നേടിയത്. ആര്‍ഷോയുടെ സഹായത്തോടെയാണ് ഈ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് എന്നാണ് ലഭ്യമായ വിവരം. കാലടി സര്‍വകലാശാലിയില്‍ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചതും സമാനമായ രീതിയിലാണ്. വിദ്യയ്‌ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആര്‍ഷോയുടെ മുമ്പില്‍ പിണറായിയുടെ പോലീസുകാര്‍ മുട്ടിടിച്ചു നില്കുന്നു. കോടതിയുടെ മേല്‍നോട്ടത്തിലെങ്കിലും അന്വേഷണം നടത്തിയാല്‍ മാത്രമേ മഹാരാജാസ് കോളജില്‍ നടന്ന ഗൂഢാലോചനയുടെ ചുരുളഴിച്ച് യഥാര്‍ത്ഥ പ്രതികളെ ശിക്ഷിക്കാനാവൂ.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള 40 ക്രിമിനില്‍ കേസുകളില്‍ 16 എണ്ണം ആയുധം ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയതും മൂന്നെണ്ണം വധശ്രമവും മറ്റുള്ളവ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയുമാണ്. കേരളത്തിലെ കാമ്പസുകളെ സംഘര്‍ഷഭരിതമാക്കുന്നതും അവിടെ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തുന്നതും ഈ നേതാവും അണികളും കൂടിയാണ്. അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേരള പോലീസ് വിറയ്ക്കും.

സര്‍വകലാശാലകളിലെ നിയമനങ്ങള്‍ എഎസ്എഫ്‌ഐ നേതാക്കള്‍ അവരുടെ ഭാര്യമാര്‍ക്ക് സംവരണം ചെയ്തിട്ട് നാളേറെയായി. ഇപ്പോഴത് സുഹൃത്തുക്കളിലേക്കും വ്യാപിപ്പിച്ചു. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഭാര്യയെ കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളില്‍ അസി പ്രഫസറായി നിയമിച്ചെങ്കിലും പുറത്തുപോകേണ്ടി വന്നു. മന്ത്രി പി രാജീവിന്റെ ഭാര്യക്ക് കൊച്ചി സര്‍വകലാശാലയിലും മുന്‍എംപി പികെ ബിജുവിന്റെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയിലും മന്ത്രി എംബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയിലും നിയമനം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോ പ്രഫസറായി നിയമിക്കാന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാംസ്ഥാനം നല്കി.

ഈ തെറ്റുകള്‍ക്കെല്ലാം സിപിഎം കൂട്ടുനില്ക്കുകയും സംരക്ഷണം നല്കുകയും ചെയ്തിട്ടുണ്ടെന്നും ഇവരുടെ മാതൃകയാണ് കുട്ടിസഖാക്കള്‍ പിന്തുടരുന്നതെന്നും പാര്‍ട്ടി സെക്രട്ടറി ഓര്‍ക്കുന്നതു നല്ലതാണെന്നു സുധാകരന്‍ പറഞ്ഞു.

webdesk13: