X

‘മലപ്പുറം തന്നെ വഞ്ചിച്ചില്ല’ നല്ല മനസ്സിന് നന്ദി പറഞ്ഞ് മറിയം ഖാലിക്ക് മടങ്ങി

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ഹേമലതയെ സന്ദര്‍ശിച്ച് മറിയം ഖാലിക്ക് നന്ദി അറിയിക്കുന്നു

മലപ്പുറം: ബ്രിട്ടനില്‍ നിന്നും തന്നെ സ്‌നേഹിച്ച് വഞ്ചിച്ചെന്ന് ആരോപിച്ച് തൃശൂരുകാരനെ തേടിയെത്തിയ പാകിസ്താന്‍കാരി മറിയം ഖാലിക്ക് മലപ്പുറത്തിന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞ് മടങ്ങി. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കുടുംബശ്രീ നല്‍കിയ സഹകണത്തിന് നന്ദി പറയാന്‍ മറിയം ഇന്നലെ കുടുംബശ്രീ ജില്ല കാര്യാലയത്തിലെത്തി. തൃശൂര്‍ ജില്ലയിലെ സി.ഡി.എസിന്റെ സഹകരണത്തോടെയാണ് മലപ്പുറം ടീം കാമുകനെ കണ്ടെത്തി വിവാഹബന്ധം വേര്‍പെടുത്തി ജീവനാംശവും ലഭ്യമാക്കാന്‍ സഹായിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ മലപ്പുറം കുടുംബശ്രീ ഓഫീസിലെത്തിയ മറിയം ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ഹേമലതയുമായി ചര്‍ച്ച നടത്തി സന്തോഷം പങ്കിട്ടു.

തൃശൂര്‍ ചാവക്കാട് സ്വദേശിയായ നൗഷാദ് ഹുസൈനുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയിക്കുകയും ബ്രിട്ടനില്‍ വെച്ച് വിവാഹിതരാകുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിച്ച ശഷം ഒരു വര്‍ഷം കഴിഞ്ഞ തന്നെ ഉപേക്ഷിച്ചു നൗഷാദ് നാട്ടിലേക്ക് മടങ്ങിയെന്നും ആരോപിച്ച് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിയ യുവതി മലപ്പുറം കുടുംബശ്രീയിലാണ് എത്തിയത്. കേസ് നടത്തുന്നതും പ്രതിയെ കണ്ടെത്തുന്നതുമടക്കം മുഴുവന്‍ കാര്യങ്ങളും ചെയ്തു കൊടുത്തത് കുടുംബശ്രീയായിരുന്നു. പൂക്കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിതയാണ് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത്.

ഒടുവില്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വിവാഹ മോചനം നേടി ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും ജീവനാംശവും വാങ്ങിയാണ് തിരിച്ചുപോക്ക്. നിരവധി സ്ത്രീകള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ച സ്‌നേഹിതയുടെ നെറ്റിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തുകയാണ് ഇവിടെ. ബ്രിട്ടനില്‍ എം.ബി.എക്ക് പഠിക്കുന്ന കാലത്താണ് നൗഷാദ് തന്നെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതെന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നീട് സൗഹൃദവും ഒടുവില്‍ പ്രണയവുമായി മാറുകയും 18 മാസം നീണ്ട തീവ്രപ്രണയത്തിനൊടുവില്‍ 2013 ഏപ്രിലില്‍ മാസം സ്‌കോട്‌ലന്റിലെ ഡണ്ടിയില്‍ വെച്ച് വിവാഹം കഴിക്കുകയുമായിരുന്നു.

ഒരു വര്‍ഷം കഴിഞ്ഞ ശേഷം നാട്ടില്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങി മറിയത്തെ കേരളത്തിലേക്ക് കൊണ്ടുപോകാമെന്ന വ്യവസ്ഥയില്‍ തൊട്ടടുത്ത മാര്‍ച്ചില്‍ നൗഷാദ് മടങ്ങിയെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍ തിരികെ വരാത്തതിനെ തുടര്‍ന്നാണ് മറിയം നൗഷാദിനെ തേടി കേരളത്തിലെത്തിയത്.

chandrika: