കടല്‍ സുരക്ഷിതത്വം ലോകത്തിലെ പല രാജ്യങ്ങളിലും ഭീഷണിയായി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇത്തരം കാര്യങ്ങളില്‍ ഗൗരവകരമായ നിലപാട് എടുക്കണമെന്ന് മുസ്‌ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി മാറ്റേണ്ടതുണ്ടെങ്കില്‍ അവക്കായി മുന്നോട്ട് വരണമെന്നും ആന്റി മറൈന്‍ പൈറസി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് പാര്‍ലമെന്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സഭ കടല്‍ കൊള്ള നേരിടുന്നതിനുള്ള നിയമ നിര്‍മ്മാണത്തെ സംബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. ആഗോള തലത്തില്‍ ഉയര്‍ന്നു വരുന്ന ഭീഷണി എന്നുള്ള നിലയില്‍ സാമുദ്രിക ഭീകരത തടയുന്ന കാര്യത്തില്‍ മറ്റ് രാജ്യങ്ങളുമായി സഹകരിച്ചും ഇന്ത്യക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തും രാജ്യം മുന്നിട്ടിറങ്ങണം. ആധുനിക സാങ്കേതിക വിദ്യയും കൂടുതല്‍ സംരക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തി കടല്‍ കൊള്ളക്കാരുടെ ഭീഷണിയില്‍ നിന്നും നമ്മുടെ കപ്പലുകളെയും മറ്റ് യാനങ്ങളെയും രക്ഷിക്കുന്നതിന് വേണ്ടി സത്വര നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി.