വാഷിങ്ടണ്‍: കഞ്ചാവ് ഉപയോഗത്തിന് യുഎസിലെ നാലു സംസ്ഥാനങ്ങള്‍ കൂടി നിയമാനുസൃത അനുമതി നല്‍കി. ന്യൂജഴ്‌സി, അരിസോണ, സൗത്ത് ഡെക്കോട്ട, മൊണ്ടാന സംസ്ഥാനങ്ങളാണ് കഞ്ചാവിന്റെ ഉപയോഗത്തിന് പുതുതായി അനുമതി നല്കിയത്. വോട്ടിങ്ങിലൂടെയാണ് കഞ്ചാവിനെ സര്‍ക്കാര്‍ നിയമവിധേയമാക്കിയത്.
കഞ്ചാവിന്റെ വിനോദ-ചികിത്സാ ഉപയോഗങ്ങള്‍ക്കാണ് ഈ സംസ്ഥാനങ്ങള്‍ വോട്ടിങ്ങിലൂടെ അനുമതി നല്‍കിയത്. വോട്ടര്‍മാരുടെ അനുമതി ലഭിച്ചതോടെ സംസ്ഥാന നിയമനിര്‍മാണ സഭകള്‍ ഇതിനായി പുതിയ ചട്ടങ്ങള്‍ രൂപീകരിക്കും. എത്ര വയസ്സു മുതലുള്ള ആളുകള്‍ക്ക് കഞ്ചാവ് കൈവശം വയ്ക്കാം, വില്‍പ്പന നടത്താം തുടങ്ങിയ ചട്ടങ്ങളാണ് ഉണ്ടാക്കേണ്ടത്.
നേരത്തെ, 11 യുഎസ് സംസ്ഥാനങ്ങള്‍ കഞ്ചാവിന് നിയമാനുസൃത അനുമതി നല്‍കിയിരുന്നു. ഇതില്‍ മിക്ക സ്റ്റേറ്റുകളും ചികിത്സയ്ക്കാണ് കഞ്ചാവ് നിയമാനുസൃതമാക്കിയിട്ടുള്ളത്. യുഎസിന്റെ ഫെഡറല്‍ നിയമപ്രകാരം കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ബറാക് ഒബാമ ഭരണകൂടം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.