രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.
ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.
ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.
പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.