X

വാനോളമുയര്‍ത്താം, അഭിമാന പതാക-മാര്‍ച്ച് 10 മുസ്‌ലിംലീഗ് സ്ഥാപക ദിനം

പി.എം.എ സലാം

ഇന്ത്യയില്‍ ഇങ്ങനെയൊരു പാര്‍ട്ടിയുടെ ആവശ്യമുണ്ടോ? സ്വാതന്ത്ര്യത്തിനു ശേഷം മുസ്‌ലിംലീഗ് നേതാക്കള്‍ ഏറ്റവുമധികം കേട്ട ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു. ഇന്ത്യന്‍ യൂണിയനില്‍ മുസ്‌ലിംലീഗിനെ പുനഃസംഘടിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്ത ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനോട് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ദേശീയ നേതാക്കളെല്ലാം ഈ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

1948 ജനുവരി അവസാനത്തില്‍ ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു ഖാഇദെ മില്ലത്തിന് വിളിച്ചുവരുത്തി ഈ ചോദ്യമുന്നയിച്ചു. എതിര്‍പ്പുകളുടെ കൂരമ്പുകള്‍ക്ക് മുമ്പില്‍ നായകന്‍ അക്ഷോഭ്യനായി നിലകൊണ്ടു. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും രക്തവും നല്‍കിയ ഒരു സമുദായം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അനാഥമായിപ്പോകുന്ന അവസ്ഥ അദ്ദേഹത്തിന് ചിന്തിക്കാനാവുമായിരുന്നില്ല. ഖാഇദെ മില്ലത്ത് ദൗത്യം നിറവേറ്റി. 1948 മാര്‍ച്ച് 10ന് പിന്നീട് രാജാജി ഹാള്‍ എന്നറിയപ്പെട്ട മദിരാശിയിലെ ബാങ്ക്വിറ്റിങ് ഹാളില്‍ വച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പിറവിയെടുത്തു. അന്യവല്‍ക്കരിക്കപ്പെട്ട, അരുക്കാക്കപ്പെട്ട ഒരു ജനതക്ക് ആശ്വാസവും ആശ്രയവുമായി ആ പ്രസ്ഥാനം നാള്‍ക്കുനാള്‍ വളര്‍ന്നു.

ഇന്ന് മുസ്‌ലിംലീഗ് സ്ഥാപകദിനമാണ്. ഓരോ സംഘടനാ പ്രവര്‍ത്തകനും അഭിമാനിക്കുന്ന ദിവസം. മുസ്‌ലിംലീഗ് രൂപീകരിപ്പെട്ടതോടെ പലകോണുകളില്‍നിന്നും ആക്രമണങ്ങള്‍ വര്‍ധിച്ചു. ഭയമുള്ളവരെല്ലാം രാജിവെച്ച് പുറത്ത് പോയി. നിരവധി നേതാക്കള്‍ മുസ്‌ലിംലീഗില്‍നിന്ന് രാജിവെച്ചതായി പത്രപ്പരസ്യം നല്‍കി. പേര് മാറ്റണമെന്നും പതാക മാറ്റണമെന്നുമൊക്കെ ആവശ്യപ്പെട്ട് പലരും രംഗത്ത് വന്നു. കുറച്ച് കാലത്തേക്ക് സ്വന്തം പേര് മാറ്റി ജീവിക്കാന്‍ നിങ്ങള്‍ക്ക് സമ്മതമാണോ എന്ന് ഖാഇദെ മില്ലത്ത് അവരോട് ചോദിച്ചു. ആരെല്ലാം ഉപേക്ഷിച്ച് പോയാലും എന്റെ വീടിനു മുന്നില്‍ ഈ സംഘടനയുടെ ബോര്‍ഡും പതാകയുമുണ്ടാകുമെന്ന് ഇസ്മാഈല്‍ സാഹിബ് പറഞ്ഞു. പിന്നീടുണ്ടായ നേട്ടങ്ങളൊക്കെയും ആ നിശ്ചയദാര്‍ഢ്യത്തിന്റെ ബലമായിരുന്നു. എതിര്‍പ്പുകളുടെ പേമാരികളെ വിശ്വാസത്തിന്റെ കരുത്ത് കൊണ്ടും പ്രവര്‍ത്തന നൈരന്തര്യത്തിന്റെ ശൈലി കൊണ്ടും ഖാഇദെ മില്ലത്ത് തകര്‍ത്തു. സീതി സാഹിബും പോക്കര്‍ സാഹിബും ഉപ്പി സാഹിബും ബാഫഖി തങ്ങളും സി.എച്ചുമെല്ലാം ആത്മവിശ്വാസത്തിന്റെ ആ കൈകള്‍ക്ക് ശക്തി പകര്‍ന്നു. സമുദായ ശാക്തീകരണത്തിനും മതസൗഹാര്‍ദ്ദത്തിനും ഊന്നല്‍ നല്‍കി മഹത്തായൊരു രാഷ്ട്രീയ മാതൃക സ്വതന്ത്ര ഇന്ത്യയില്‍ സംഭവിച്ചു.

ഇന്ത്യന്‍ യൂണിയനില്‍ മുസ്‌ലിംലീഗ് എന്ന ആശയത്തെ നിലനിര്‍ത്താനും മഹിതമായ ഈ പതാകയുടെ തണല്‍ ഒരു വലിയ ജനവിഭാഗത്തിന് പ്രാപ്യമാക്കുന്നതിനും സംഘടനയുടെ ആദ്യകാല നേതാക്കള്‍ ത്യാഗങ്ങളേറെ സഹിച്ചു. മുസ്‌ലിംലീഗുകാരനാണ് എന്ന് പറയാന്‍ പോലും പലരും ഭയപ്പെട്ടിരുന്ന കാലത്താണ് അവര്‍ ഒട്ടും പതറാതെ ഈ പച്ചപ്പതാക നമുക്ക് കൈമാറിത്തന്നത്. ഈ അഭിമാന പതാക ഉയര്‍ത്തിപ്പിടിച്ച് പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ നമുക്ക് സാധിക്കണം. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയും ദേശീയ കമ്മിറ്റിയുമെല്ലാം അതിനുള്ള ശ്രമങ്ങളിലാണ്. പ്രതിസന്ധികളില്‍ ഉലയുമ്പോഴും അനിതരസാധാരണമായ ആത്മാഭിമാനത്തോടെയാണ് ഖാഇദെ മില്ലത്ത് നമുക്ക് ഈ ആശയത്തെ പകര്‍ന്നു തന്നത്. ന്യൂനപക്ഷ ശാക്തീകരണത്തിന്റെ ശരിയായ വഴി ഇതായിരുന്നു എന്ന് കാലം തെളിയിക്കുകയും ചെയ്തു. കാറ്റിലും കോളിലും പതറാതെ ഈ നൗകയെ കരക്കെത്തിച്ചവര്‍ സ്വപ്‌നം കണ്ടതൊക്കെ നേടണമെങ്കില്‍ ഇനിയുമേറെ നടക്കാനുണ്ട്. ചരിത്രത്തിന്റെ ഇന്നലെകളില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് മുന്നോട്ട് നടക്കാന്‍ നമുക്ക് കഴിയണം.

മാര്‍ച്ച് 10 ഓര്‍മകള്‍ പെയ്യുന്ന ദിവസമാണ്. അസ്തിത്വവും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി മുസ്‌ലിംലീഗിന്റെ ആശയം സ്വതന്ത്ര ഇന്ത്യയുടെ മണ്ണില്‍ നിലവില്‍ വന്ന ദിവസം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച പാരമ്പര്യമുള്ള ഒരു ജനതയോട് സംഘ്പരിവാറിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റിനു വേണ്ടി ക്യൂ നില്‍ക്കാന്‍ മനസ്സില്ലെന്ന് പറയാന്‍ പഠിപ്പിച്ചത് ഈ പ്രസ്ഥാനമാണ്. സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് മുസ്‌ലിംലീഗ് എല്ലാ കാലത്തും നിലകൊണ്ടത്. വിഘടനവാദത്തെയും തീവ്രവാദത്തെയും എതിര്‍ക്കാനും രാജ്യത്തിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുമാണ് നേതാക്കള്‍ ഞങ്ങളെ പഠിപ്പിച്ചത്. മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനപഥത്തില്‍ യാതൊരു ദുര്‍ഗ്രാഹ്യതയുമില്ല. രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും അനുസരിച്ച് ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടന ശക്തമായി തുടരും. പുതിയ കാലത്തെ ഏത് വെല്ലുവിളികളെയും അതിജീവിക്കാനുള്ള ആര്‍ജ്ജവം മുസ്‌ലിംലീഗിനുണ്ട്. അത് മുന്‍കാല നേതാക്കള്‍ പകര്‍ന്നു തന്നത് തന്നെയാണ്.

മുസ്‌ലിംലീഗ് ആവശ്യമുണ്ടോ എന്ന് ചോദിച്ചവര്‍ക്ക് മുസ്‌ലിംലീഗിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയ പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. ഒരുകാലത്ത് ആട്ടിപ്പായിച്ചവരെല്ലാം പില്‍ക്കാലത്ത് ഈ സംഘടനയുടെ പ്രാധാന്യത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ പ്രാധാന്യം ബോധ്യപ്പെട്ടുകൊണ്ട് പുതിയ തലമുറ പാര്‍ട്ടിയിലേക്ക് ധാരാളമായി കടന്നുവരുന്നുണ്ട്. വിദ്യാര്‍ത്ഥികളും യുവജനങ്ങളും മുന്നോട്ടുവെക്കുന്ന പുതുകാല മാറ്റങ്ങളെ ഉള്‍ക്കൊണ്ട് തന്നെ മുസ്‌ലിംലീഗ് മുന്നോട്ട് പോകും.

കേരളേതര സംസ്ഥാനങ്ങളിലെ അരക്ഷിത ന്യൂനപക്ഷം മുസ്‌ലിംലീഗിനെ മാതൃകയാക്കി പാര്‍ട്ടിയെ സ്വീകരിച്ചു വരികയാണ്. എം.എസ്.എഫും യൂത്ത് ലീഗും അഖിലേന്ത്യാ തലത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കാമ്പസുകള്‍ കേന്ദ്രീകരിച്ച് പുതിയ തലമുറ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സന്ദേശവാഹകരായി രംഗത്തുണ്ട്. ഒരു പ്രത്യേക ജനവിഭാഗത്തോട് മാത്രമുള്ള വെറുപ്പിന്റെ പ്രചാരണങ്ങളെ സ്‌നേഹം കൊണ്ടും സാഹോദര്യം കൊണ്ടുമാണ് നാം നേരിടുന്നത്. ദുഷ്ടലാക്കോടെയുള്ള എല്ലാ കുപ്രചാരണങ്ങളെയും ചവറ്റുകുട്ടയിലെറിഞ്ഞ് ഇന്ത്യന്‍ മണ്ണില്‍ മുസ്്‌ലിംലീഗും പോഷക ഘടകങ്ങളും പ്രയാണം തുടരും. ഈ പതാകയുടെ അഭിമാനത്തെ വാനോളമുയര്‍ത്തും.

മഹാനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ വേദനയിലാണ് ഇത്തവണ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ സംഘടനയുടെ സ്ഥാപക ദിന പരിപാടികള്‍ ആചരിക്കുന്നത്. സ്ഥാപക ദിനമായ ഇന്ന് (മാര്‍ച്ച് 10) സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിക്കാനും അനുസ്മരണ പരിപാടികള്‍ നടത്താനുമാണ് സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. അതേസമയം നേരത്തെ നിശ്ചയിക്കപ്പെട്ട സ്ഥാപകദിനാഘോഷ പരിപാടികള്‍ ദുഃഖാചരണം അവസാനിച്ച ശേഷം മാര്‍ച്ച് 13ന് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏറെക്കാലം ഈ ജനതയ്ക്ക് തണലും വെളിച്ചവുമായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ, മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിന് കീഴില്‍ നമുക്ക് അടിയുറച്ച് മുന്നേറാം. മുസ്‌ലിംലീഗ് സിന്ദാബാദ്!

Test User: