X
    Categories: Newsworld

മാര്‍ബര്‍ഗ് വൈറസ്: ഘാന ആശങ്കയില്‍

അക്ര: എബോളയെപ്പോലെ ഏറെ മാരകമായ മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ രണ്ടു പേരില്‍ കൂടി സ്ഥിരീകരിച്ചു. നേരത്തെ രണ്ടു രോഗികള്‍ വൈറസ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് വീണ്ടും രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഈ മാസം 10ന് നടത്തിയ പരിശോധനയില്‍ തന്നെ ഇവരുടെ ഫലം പോസീറ്റിവായിരുന്നു. മാര്‍ബര്‍ഗ് വൈറസ് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ സെനഗലിലെ ലബോറട്ടറിയില്‍ കൂടി പരിശോധിക്കേണ്ടിയിരുന്നുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതിവേഗത്തിലുള്ള രോഗവ്യാപനത്തിന് സാധ്യതയുള്ളതുകൊണ്ട് ഘാന ആരോഗ്യ വിഭാഗം യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തിലാണ്. ഇവരില്‍ ആര്‍ക്കും ഇതുവരെ രോഗലക്ഷണം കണ്ടിട്ടില്ല. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാര്‍ബര്‍ഗ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഘാന. നേരത്തെ ഗിനിയയില്‍ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും തുടര്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മരണ സാധ്യത ഏറെയുള്ള രോഗത്തിന് നിലവില്‍ പ്രത്യേക ചികിത്സയോ വാക്‌സിനോ ഇല്ലെന്നത് അപകടാവസ്ഥയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. കടുത്ത പനി, പേശീവേദന, രക്തസ്രാവം, മസ്തിഷ്‌ക ജ്വരം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ആര്‍.ടി.പി.സി.ആര്‍, എലീസ ടെസ്റ്റുകളിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്.

Chandrika Web: