X

അക്രമങ്ങള്‍ നിയന്ത്രണാതീതമായി; മറാത്ത ബന്ദ് പിന്‍വലിച്ചു

 

മുംബൈ: സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്താ സമുദായം നടത്തുന്ന പ്രക്ഷോഭം അക്രമാസക്തവും നിയന്ത്രണാതീതവുമായതിനെ തുടര്‍ന്ന് ബന്ദ് പിന്‍വലിച്ചു. മറാത്ത ക്രാന്തി മോര്‍ച്ചയാണ് ബന്ദ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ തുടരുമെന്നും സംഘടന അറിയിച്ചു.
എന്നാല്‍ സകല്‍ മറാത്ത സമാജ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നവി മുംബൈ, പന്‍വേല്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. മുംബൈ, നവിമുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച ബന്ദില്‍ വ്യാപക ആക്രമണമാണ് ഉണ്ടായത്. ഇന്ന് സമരക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. പലയിടങ്ങളിലും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ സമരക്കാര്‍ കടുത്ത ഭാഷയിലാണ് മുദ്രാവാക്യം മുഴക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമുണ്ടായ കല്ലേറില്‍ ഒരു പൊലീസുകാരന്‍ മരിക്കുകയും രണ്ട് ജനപ്രതിനിധികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. ഉസ്മാനാബാദ് പൊലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്യാം കട്ഗവങ്കറാണ് കല്ലേറില്‍ പരിക്കേറ്റ് മരിച്ചത്.
സംവരണം ആവശ്യപ്പെട്ട് ഔറംഗാബാദിലെ കായ്ഗാവില്‍ വഴി തടയുന്നതിനിടെ മറാത്ത യുവാവ് കാകാസാഹെബ് ഷിണ്ഡെ ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്തതില്‍ പ്രകോപിതരായാണ് മറാത്തി ക്രാന്തി മോര്‍ച്ച ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്‌കാര ചടങ്ങിന് എത്തിയ ഔറംഗാബാദ് എം.പി ശിവസേനയിലെ ചന്ദ്രകാന്ത് ഖൈറെ, കോണ്‍ഗ്രസ് എം.എല്‍.സി സുഭാഷ് സമ്പദ് എന്നിവരെ മറാത്തകള്‍ മര്‍ദ്ദിക്കുകയുമുണ്ടായി. അഗ്‌നിശമന സേനയുടെയും പൊലീസിന്റെയും വാഹനങ്ങളും ട്രക്കും സമരക്കാര്‍ വ്യാപകമായി അഗ്‌നിക്ക് ഇരയാക്കി.

chandrika: