ബി.ജെ.പി നേതാവ് കിരിത് സോമയ്യയുടെ അശ്ലീല വിഡിയോ പുറത്തുവിട്ട മറാത്ത ചാനല്‍ ലോക് ഷാഹിക്ക് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ 72 മണിക്കൂര്‍ വിലക്ക്. വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതലാണ് ചാനലിന്റെ സംപ്രേക്ഷണ വിലക്ക് ആരംഭിച്ചത്. വിലക്കിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ലോക് ഷാഹി ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് കമലേഷ് സുതാര്‍ പ്രതികരിച്ചു.
വിലക്കിന് പിന്നാലെ കമലേഷ് സുതാര്‍ പുറത്തുവിട്ട വിഡിയോയില്‍ പ്രതികരിക്കുന്നത് ഇങ്ങനെ: ” ഞങ്ങളുടെ പ്രേക്ഷകരോട് ഒരു സുപ്രധാന കാര്യം പറയാനുണ്ട്. സോമയ്യയുടെ വാര്‍ത്തയുമായി ബന്ധപ്പെട്ട് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തില്‍ നിന്നും ഞങ്ങള്‍ക്കൊരു നോട്ടീസ് ലഭിച്ചിരുന്നു. ഞങ്ങള്‍ അതിനോട് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഏഴ് മണിമുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണം വിലക്കിക്കൊണ്ട് നോട്ടീസ് ലഭിച്ചിരിക്കുകയാണ്.
അടുത്ത 72 മണിക്കൂര്‍ നേരത്തേക്ക് ചാനല്‍ സംപ്രേക്ഷണം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ഞങ്ങള്‍ നിയമോപദേശം തേടിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ വാദം പറയാനുള്ള മതിയായ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപരമായി പോരാടും. കുറച്ചുകൂടി സമയം ലഭിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ നന്നാകുമായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. വൈകീട്ട് 6:13 ന് 7 മണിയോടെ സംപ്രേക്ഷണം അവസാനിപ്പിക്കുന്നതായി നോട്ടീസ് ലഭിക്കുകയായിരുന്നു. ഞങ്ങള്‍ ഉടന്‍ മടങ്ങിവരും.”
ഈ മാസാദ്യം സുതാറിനും ഒരു യൂട്യൂബ് ചാനലിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.പിയുമായ കിരിത് സോമയ്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ദൃശ്യത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെ അവ്യക്തമാക്കിയ നിലയിലാണ് വിഡിയോ സംപ്രേക്ഷണം ചെയ്തത്. അതേസമയം അശ്ലീല വിഡിയോ പുറത്തുവന്നത് ഗൂഢാലോചനയാണെന്നായിരുന്നു സോമയ്യയുടെ പ്രതികരണം.