കൊച്ചി: മരടിലെ വിവാദ ഫ്‌ലാറ്റുകളിലെ താമസക്കാരെ ഇന്ന് മുതല്‍ ഒഴിപ്പിച്ചുതുടങ്ങും. ഒക്ടോബര്‍ മൂന്നിനകം മുഴുവന്‍ താമസക്കാരേയും ഒഴിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ നിയന്ത്രിത സ്‌ഫോടനം ഉപയോഗിക്കാന്‍ തീരുമാനമായി. യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊളിക്കുന്നതിനാണ് മുന്‍ഗണനയെന്ന് ഇതിന്റെ ചുമതല വഹിക്കുന്ന ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, ഇത് ആറുമാസത്തോളമെടുക്കുമെന്നതിനാല്‍ നിയന്ത്രിത സ്‌ഫോടനത്തിന് തീരുമാനിക്കുകയായിരുന്നെന്ന് സബ് കളക്ടര്‍ പറഞ്ഞു.
ഒഴിഞ്ഞുപോകുന്നവര്‍ക്കായി എറണാകുളം നഗരത്തില്‍ അഞ്ഞൂറോളം ഫ്‌ലാറ്റുകള്‍ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. സാധനങ്ങള്‍ കൊണ്ടുപോകുന്ന പ്രൊഫഷണല്‍ ഏജന്‍സികളുമായി നിരക്ക് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നുണ്ട്. മാറാന്‍ തയ്യാറാകുന്നവര്‍ക്ക് അതിനുള്ള സൗകര്യം നല്‍കും. വാടക താമസക്കാര്‍തന്നെ നല്‍കേണ്ടിവരും. പരമാവധി വാടക കുറച്ചുകിട്ടുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. നാല് ഫ്‌ലാറ്റുകളിലെ അഞ്ച് ടവറുകളിലായി 343 അപ്പാര്‍ട്ടുമെന്റുകളാണുള്ളത്. ഇവയില്‍ വാടകക്കാര്‍ ഉള്‍പ്പെടെ 198 പേരാണ് സ്ഥിരമായുള്ളത്. ബാക്കിയുള്ളതിന്റെ ഉടമസ്ഥര്‍ വല്ലപ്പോഴും എത്തുന്നവരാണ്.
ഫ്‌ലാറ്റുടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. ആദ്യഘട്ട നഷ്ടപരിഹാരമായ 25 ലക്ഷം രൂപ കൈമാറുന്നതിനുള്ള ആദ്യപടിയാണിത്. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ആറ് ഏജന്‍സികളെയാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒമ്പതാം തീയതിക്കുമുമ്പ് ഏജന്‍സിയെ തീരുമാനിക്കും. അഞ്ചിടത്തും 11ാം തീയതി ഒരുമിച്ച് പൊളിക്കല്‍ തുടങ്ങും. അടുത്ത ജനുവരി ഒമ്പത് വരെയുള്ള 90 ദിവസത്തിനുളളില്‍ പൊളിച്ചുതീരും. ഓരോരുത്തരും ക്വോട്ട് ചെയ്ത തുക വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഒഴിഞ്ഞുപോകാനുള്ള അവസാനദിനമായ ഒക്ടോബര്‍ മൂന്നുവരെ വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കും. സ്വയം ഒഴിയാന്‍ തയ്യാറായി ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് സബ് കളക്ടര്‍ പറഞ്ഞു.