ബ്യൂനസ് ഐറിസ്: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. രക്തസ്രാവം പൂര്‍ണമായും നീക്കിയെന്നും അദ്ദേഹം അപകടനില തരണം ചെയ്‌തെന്നും ലാ പ്ലാറ്റയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു.
തലയ്ക്കു പരുക്കേല്‍ക്കുമ്പോഴോ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമോ ആണ് ഇത്തരത്തില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാവുക. 80 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു ശസ്ത്രക്രിയ. മറഡോണ സുഖം പ്രാപിച്ചു വരുന്നതായി അദ്ദേഹത്തിന്റെ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്യു അറിയിച്ചു.
വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമായാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 60-ാം ജന്മദിനത്തിനായിരുന്നു മറഡോണ ഒടുവില്‍ പൊതുസമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതിനു മുമ്പ് അംഗരക്ഷകരിലൊരാള്‍ക്കു കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് അദ്ദേഹം ഐസലേഷനിലായിരുന്നു. മറഡോണയ്ക്കു കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.