X

മറഡോണ മ്യൂസിയം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ഏക്കറുകള്‍ വലിപ്പം

കൊച്ചി: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള മ്യൂസിയം സ്ഥാപിക്കുമെന്ന് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍. 1986ലെ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ‘ദൈവത്തിന്റെ കൈ’ ഗോളിന്റെ ഓര്‍മയ്ക്കായി മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്‍പം സ്ഥാപിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മറഡോണയുടെ വ്യക്തി ജീവിതവും ഫുട്ബാള്‍ ജീവിതവും ഇതിവൃത്തമായ മ്യൂസിയത്തില്‍ ആധുനിക കലാ-സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. മറഡോണയോടുള്ള തന്റെ ആദവിന്റെ പ്രതീകമായിരിക്കും ഏക്കറുകള്‍ വലുപ്പമുണ്ടാകുന്ന മ്യൂസിയം- ബോബി പറഞ്ഞു.

ദുബൈയിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി 2011ല്‍ ഉദ്ഘാടനം ചെയ്തത് മറഡോണയാണ്. ‘ദൈവത്തിന്റ കൈ’യുടെ സ്വര്‍ണത്തിലുള്ള പൂര്‍ണകായ ശില്‍പം ഉണ്ടാക്കണമെന്ന ആഗ്രഹം അന്ന് മറഡോണ പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷവാനാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റിയും പ്രശസ്ത കലാകാരനുമായ ബോണി തോമസാണ് മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍.

നേരത്തെ, കണ്ണൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണ എത്തിയിരുന്നു. മാര്‍ച്ച് 2018 മുതലാണ് മറഡോണ ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത്.

Test User: