കൊച്ചി: മരട് ഫഌറ്റുകില്‍ ഇന്നു മുതല്‍ താമസിക്കാന്‍ ഫ്‌ലാറ്റുടമകളെ അനുവദിക്കില്ലെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ സമയം നീട്ടി നല്‍കാന്‍ പൊലീസ് സമ്മതിച്ചു. താമസം ഒഴിഞ്ഞെന്ന് രേഖാമൂലം എഴുതി നല്‍കിയാല്‍ സാധനങ്ങള്‍ നീക്കാന്‍ 9ാം തീയതി വരെ സമയം നല്‍കും. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് രേഖ ആവശ്യപ്പെട്ടത്.
കൂടുതല്‍ പേരും സ്വയം കണ്ടുപിടിച്ച ഫ്‌ലാറ്റുകളിലേക്കും ബന്ധുവീടുകളിലേക്കുമാണ് മാറിയത്.വീട്ടുസാധനങ്ങള്‍ മാറ്റാന്‍ സമയം നീട്ടി നല്‍കണമെന്നാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. എത്ര സമയം വേണമെന്ന് ഓരോരുത്തരും പ്രത്യേകം അപേക്ഷ നല്‍കിയാല്‍ അതിനനുസരിച്ച് പരിഗണിക്കാമെന്ന് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി ഇന്നലെ വൈകിട്ട് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.
സാധനങ്ങള്‍ മാറ്റാന്‍ പൊലീസിന്റെയോ റെഡ് ക്രോസിന്റെയോ സഹായം ആവശ്യമെങ്കില്‍ നല്‍കും. അതുവരെ വെള്ളമോ വൈദ്യുതിയോ വിച്ഛേദിക്കില്ല. 72 മണിക്കൂര്‍ മുതല്‍ 10 ദിവസം വരെ സാധനങ്ങള്‍ മാറ്റാന്‍ ഉടമകള്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് ലിഫ്റ്റ് ഇല്ലാത്തതാണ് സാധനങ്ങള്‍ മാറ്റുന്നത് വൈകാന്‍ കാരണമെന്ന് താമസക്കാര്‍ പറഞ്ഞു.