X

മരടിലെ ഫഌറ്റുടമകള്‍ക്ക് ഒഴിയല്‍ നോട്ടീസ് നല്‍കും

കൊച്ചി: മരടിലെ നാല് ഫഌറ്റുകള്‍ ഒഴിയാന്‍ ഇന്ന് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ്, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ അഞ്ച് ഫഌറ്റുകള്‍ പൊളിക്കാന്‍ മേയ് എട്ടിനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. ഇതില്‍ ഹോളിഡേ ഹെറിറ്റേജ് എന്ന ഫഌറ്റ് ഇതുവരെ നിര്‍മ്മിച്ചിട്ടില്ല. മറ്റ് നാല് ഫഌറ്റുകളിലെ 350 കുടുംബങ്ങള്‍ക്കാണ് ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കുക.

നോട്ടീസ് കൈപ്പറ്റിയില്ലെങ്കില്‍ വാതിലില്‍ നോട്ടീസ് പതിക്കും. ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്നവരെ ഏലൂര്‍ എഫ്.എ.സി.ടി ഗസ്റ്റ്ഹൗസിലേക്ക് മാറ്റാനാണ് നീക്കം. അതേസമയം ഫഌറ്റ് പൊളിക്കലിനെക്കുറിച്ച് ആലോചിക്കാന്‍ മരട് നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗവും ഇന്ന് ചേരുന്നുണ്ട്. ഫഌറ്റുകള്‍ പൊളിക്കാന്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഫഌറ്റ് പൊളിക്കുന്നതിന്റെ ചെലവുകള്‍ കണക്കാക്കി സര്‍ക്കാരിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ച് ഫഌറ്റുകള്‍ സെപ്തംബര്‍ 20 ന് മുന്‍പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

chandrika: