X

മരട് ഫ്‌ലാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടകവീടിന്റെ ഇടനിലക്കാര്‍; ചോദിക്കുന്നത് ഭീമമായ തുക

മരട്: മരടിലെ ഫ്‌ലാറ്റുകളില്‍ നിന്ന് ആളുകള്‍ കുടിയിറങ്ങിയതോടെ ഫ്‌ലാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടക വീടുകളുടെ ഇടനിലക്കാര്‍. മരടിലും പരിസരത്തും നിലവിലുള്ള വാടകയുടെ ഒന്നും രണ്ടും ഇരട്ടിയാണ് ഇവര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫ്‌ലാറ്റുകളിലും ഭീമമായ തുകയാണ് ഇപ്പോള്‍ വാടകയായി ആവശ്യപ്പെടുന്നതെന്ന് ഉടമകള്‍ പറയുന്നു.

ചുരുങ്ങിയ ദിവസം കൊണ്ട് ഫ്‌ലാറ്റുകള്‍ ഒഴിയേണ്ടി വന്നതോടെ പകരം താമസത്തിന് ഇടം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഫ്‌ലാറ്റിലെ കുടുംബങ്ങള്‍. കുട്ടികളുടെ സ്‌കൂളും ജോലിയുമെല്ലാം മരടിനോടടുത്ത സ്ഥലങ്ങളിലായതിനാല്‍ കൂടൂതല്‍ പേരും പരിസര പ്രദേശങ്ങളില്‍ തന്നെയാണ് വാടക വീടുകള്‍ അന്വേഷിക്കുന്നതും. ഈ സാഹചര്യം മുതലെടുക്കുകയാണ് ഇടനിലക്കാര്‍.

പതിനയ്യായിരം രൂപയ്ക്ക് വീട് വാടകയ്ക്കുണ്ടെന്ന പരസ്യം കണ്ട് ഇടനിലക്കാരനെ ഫോണില്‍ വിളിച്ച മനോജിന് ഇരുപത്തയ്യായിരം രൂപ വേണമെന്നാണ് ലഭിച്ച മറുപടി. മരടിലെ ഫ്‌ലാറ്റുകളില്‍ നിന്നാണെന്ന് അറിയുന്‌പോള്‍ എവിടെയും ഇല്ലാത്ത വാടകയാണ് ഇടനിലക്കാര്‍ ചോദിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

നഗരസഭ കണ്ടെത്തിയ ഫ്‌ലാറ്റുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അവര്‍ പറയുന്ന വാടക നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ ഫ്‌ലാറ്റുകള്‍ ഒഴിവില്ലെന്നാകും മറുപടി.
സുഹൃത്തുക്കളുടെ വീട്ടിലോ ഹോട്ടലുകളിലോ ആണ് മിക്ക ആളുകളും ഇപ്പോള്‍ താമസിക്കുന്നത്. വാടകയിനത്തിലെ ഇടനിലക്കാരുടെ കൊള്ള ജില്ലാ ഭരണകൂടം ഇടപെട്ട് തടയണമെന്നാണ് ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം.

web desk 1: