X

ഫ്‌ലാറ്റുകള്‍ നാളെ തന്നെ ഒഴിയണം; മരട് നഗരസഭ

മരട്: മരടിലെ ഫ്‌ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി നീട്ടണമെന്ന ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം നഗരസഭ തള്ളി. നഗരസഭ ഉദ്യോഗസ്ഥര്‍ ഇന്ന് ഫ്‌ലാറ്റുകളിലെത്തി നാളെക്ക് മുമ്പ് ഫ്‌ലാറ്റുകള്‍ ഒഴിയാന്‍ ആവശ്യപ്പെടും. ഉടമകള്‍ക്ക് ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും നീട്ടി നല്‍കില്ലെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ അറിയിച്ചു. പുന:സ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകള്‍ നാളെ വൈകിട്ട് വിച്ഛേദിക്കുമെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞു പോകില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. പകരം താമസ സൗകര്യം ലഭിക്കാതെ ഒഴിഞ്ഞു പോകില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ചാലും ഫഌറ്റുകളില്‍ തുടരാനാണ് തീരുമാനം. പുനരധിവാസം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ കലക്ടര്‍ തയ്യാറാകണമെന്നും താമസക്കാര്‍ ആവശ്യപ്പെട്ടു. ഒഴിഞ്ഞുപോകാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഒക്ടോബര്‍ 10 വരെ കാലാവധി നീട്ടണമെന്ന ആവശ്യം ഫ്‌ലാറ്റ് ഉടമകള്‍ മുന്നോട്ട് വച്ചത്. താമസിക്കാനായി നഗരസഭ വാടകക്ക് എടുത്ത് നല്‍കിയ ഫ്‌ലാറ്റുകളില്‍ പലതും ഒഴിവില്ലാത്തതിനാല്‍ ഒഴിഞ്ഞുപോകാന്‍ ഇനിയും സമയം വേണമെന്നാണ് മരടിലെ ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം.

chandrika: