X

മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു; പരാതിയുടെ പകര്‍പ്പ് പുറത്ത്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതായി രേഖാമൂലം പരാതി നല്‍കിയില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കര്‍ദിനാളിനു നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തായി. 2017 ജൂലൈ 11ന് നല്‍കിയ പരാതിയുടെ പകര്‍പ്പാണ് പുറത്തു വന്നത്.

ബിഷപ്പിന്റെ ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് പരാതിയില്‍ പറയുന്നു. ബിഷപ്പ് നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നു. താന്‍ സഭ വിട്ടു പോവുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ബിഷപ്പിന്റെ ചെയ്തികള്‍ അത്രയും മോശമായതിനാലാണ് വിശദമായി എഴുതാത്തത്. കര്‍ദിനാളിനെ നേരില്‍ കണ്ട് പരാതി പറയാന്‍ ആഗ്രഹിച്ചിരുന്നതായും പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്നും കര്‍ദിനാളിനയച്ച കത്തില്‍ പറയുന്നു.

എന്നാല്‍ ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയില്‍ നിന്ന് സീറോ മലബാര്‍ സഭ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ സഭ വക്താവ് അറിയിച്ചിരുന്നത്. പരാതി ലഭിച്ചതായി മേജര്‍ ആര്‍ച് ബിഷപ്പിന്റെ കാര്യാലയത്തിലെ രേഖകളില്‍ കാണുന്നില്ലെന്നും പരാതി നല്‍കിയ കന്യാസ്ത്രീ ആരാണെന്ന് മാധ്യമ വാര്‍ത്തകളില്‍നിന്ന് വ്യക്തമല്ലെന്നുമാണ് സഭ ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നത്.

chandrika: