ഇരിങ്ങാലക്കുട: തിയ്യറ്ററിലേക്കുള്ള വാഹനങ്ങളുടെ പാര്‍ക്കിങ്ങ് പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തിയേറ്റര്‍ നടത്തിപ്പുകാരന്റേയും ക്വട്ടേഷന്‍ സംഘത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഗൃഗനാഥന്‍ വെട്ടേറ്റുമരിച്ചു.
മാപ്രാണം തളിയക്കോണം വാലത്തുവീട്ടില്‍ രാജന്‍ (63) ആണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ഇയാളുടെ മരുമകന്‍ വിനു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ വാടകയ്ക്കെടുത്ത് നടത്തുന്ന സഞ്ജയ് രവിയുടെയും മൂന്ന് ജീവനക്കാരുടെയുംപേരില്‍ പോലീസ് കേസെടുത്തു. ഇതില്‍ ഊരകം കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠനെ (25) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മാപ്രാണം വര്‍ണ്ണ തിയ്യറ്ററിന് പുറകുവശത്തുള്ള റോഡില്‍ തിയ്യറ്ററിലേക്കുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ നടത്തിപ്പുകാരന്‍ ഇരിങ്ങാലക്കുട സ്വദേശി സഞ്ജയും കൊല്ലപ്പെട്ട രാജന്റെ മരുമകന്‍ വിനുവുമായി രാത്രി ഒമ്പതരയോടെ തര്‍ക്കമുണ്ടായിരുന്നു.
തുടര്‍ന്ന് രാത്രിയോടെ തിയേറ്റര്‍ നടത്തിപ്പുകാരനായ സഞ്ജയും മറ്റ് മൂന്നുപേരും ചേര്‍ന്ന് വിനുവിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് അടുത്തവീട്ടില്‍ താമസിക്കുന്ന വിനുവിന്റെ ഭാര്യാ പിതാവ് വാലത്ത് രാജന്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമിസംഘം ഇയാളെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. വിനുവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇരുവരേയും ഉടന്‍ മാപ്രാണം ലാല്‍ ആസ്പത്രിയിലും തുടര്‍ന്ന് തൃശൂര്‍ എലൈറ്റ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രാജന്‍ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. അക്രമണത്തിന് നേതൃത്വം നല്‍കിയ തിയേറ്റര്‍ നടത്തിപ്പുകാരനും സംഘവും ഒളിവിലാണ്. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ തിയേറ്റര്‍ ഉപരോധിച്ചു.
തിയേറ്ററിലേക്കുള്ള വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുതുമായി ബന്ധപ്പെട്ട് നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരിങ്ങാലക്കുട സ്വദേശി സഞ്ജയ് രവിയുടെ നേതൃത്വത്തില്‍ വര്‍ണ്ണ തിയേറ്റര്‍ വാടകയ്ക്കെടുത്ത് നടത്താന്‍ ആരംഭിച്ചത്.