X

ഇരു ലോകം ജയമണി നബിയുള്ളാഹ് തിരുവും വന്നേ..

പി.വി.ഹസീബ് റഹ്മാൻ

1977കളിലെ ഒരു ഡിസംബർ കാലം.കോഴിക്കോട് ജില്ലയിലെ കൊടുവള്ളി അങ്ങാടിയിൽ നിന്ന് ഉൾഗ്രാമത്തിലേക്കുള്ള ഒരു റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാതെ വന്നതോടെ ഏതാനും യുവാക്കൾ രംഗത്തിറങ്ങി.റോഡ് നന്നാക്കാൻ ഫണ്ട് സ്വരൂപിക്കാൻ അവർ കണ്ടത്തിയ വഴിയാകട്ടെ ഒരു കഥാപ്രസംഗ പരിപാടി സംഘടിപ്പിക്കൽ. കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. കഥാപ്രസംഗ വേദികളിൽ മിന്നി തിളങ്ങിയ ആലപ്പുഴക്കാരി റംലാബീഗത്തിന്റെ ബദറുൽ മുനീർ ഹുസനുൽ ജമാൽ ഒരു ഞായറാഴ്ച ദിവസത്തേക്ക് അവർ ബുക്ക് ചെയ്തു. ഇതോടെ ചിലർ ഭീഷണിയുമായി പരസ്യമായി രംഗത്തെത്തി.പരിപാടി ദിവസം അടുക്കു ന്തോറും എതിർപ്പുകൾ കൂടി വന്നു. കഥാ പ്രസംഗം അവതരിപ്പിച്ചാൽ കൊടുവള്ളിയിൽ ചോരപ്പുഴ ഒഴുകുമെന്നായി ചിലർ ഇസ്ലാമിനെ താറടിക്കാനോ ,റോഡിന് ടാർ ഇടാനാണോ എന്ന ചോദ്യവുമായി പിന്നാലെ നോട്ടീസും ഇറങ്ങിയതോടെ സംഘാടകരും കുഴങ്ങി. ഒടുവിൽ എതിർപ്പുകൾ വക വെക്കാതെ റംലാ ബീഗം കഥാ പ്രസംഗം അവതരിപ്പിച്ചു. എതിർത്തവർ വരെ ഞെട്ടിച്ച വിജയം. സമാന സംഭവങ്ങൾ റംലാ ബീഗത്തിന് ഒരുപാട് പറയാനുണ്ടായിരുന്നു. മതവിലക്കുകൾ തരണം ചെയ്ത് കഥാപ്രസംഗം അവതരിപ്പിച്ച ആദ്യ മുസ്‍ലിം വനിതയാണ് എച്ച്.റംലാ ബീഗം.ഇസ്ലാമിക കഥാപ്രസംഗവും മാപ്പിളപ്പാട്ടുകളു മായി വേദികളിൽ നിറഞ്ഞു നിന്നിരുന്നത് ആറ് പതിറ്റാണ്ടിലേറെ കാലം. എഴുപത്തി ഏഴാമ ത്തെ വയസ്സിൽ റംലാ ബീഗം വിട പറയുമ്പോൾ പാടി തീർത്തത് 23 കഥകൾ. തിളങ്ങിയത് 7000 ത്തിലധികം വേദികളിൽ. പുറത്തിറങ്ങിയത് അഞ്ഞൂറിലധികം കാസറ്റുകളും 35 ഗ്രാമ ഫോൺ ഡിസ്കുകളും.ഇത്രയേറെ സ്റ്റേജു കളിൽ സാന്നിധ്യമറിയിച്ച ഏക മുസ്ലിം വനിതയും റംലാ ബീഗമാവും.

1970 കളോടെ തന്നെ മലബാറിന്റെ വിവിധ ഭാഗങ്ങളിലും തരംഗമായി മാറിയിരുന്നു. കർബലയിലെ രക്തക്കളം, മൂസാ നബിയും ഫിർഔനും,റാണി സുഫീരിയ, ബുൽ സനൂബർ, ഔസ് മുഹ്യുദ്ദീൻ തുടങ്ങി 23 കഥകൾ കേരള ത്തിനകത്തും പുറത്തും അവതരിപ്പിച്ചു.
ആരെയും ആകർഷിക്കുമാറ് സുന്ദരമായ ശൈലിയായിരുന്നു റംലാ ബീഗത്തിന്റെ കഥ പറച്ചിലിന്.ചരിത്ര സംഭവങ്ങളും സൂചിപ്പി ക്കുമ്പോൾ പാട്ടുകൾക്കൊപ്പം ഖുർആൻ ആയത്തുകളും അകമ്പടി നല്കി.ഈ ശൈലി കാരണം വിമർശകരെ പ്പോലും തന്നിലേക്ക ടുപ്പിക്കാൻ ഇവർക്കായി.ഇസ്ലാമിക ചരിത്ര കഥകൾ കൂടാതെ കുമാര നാശാന്റെ നളിനി, കാളിദാസന്റെ ശാകുന്തളം , കേശവദേശിന്റെ ഓടയിൽ നിന്നുമെല്ലാം കഥാപ്രസംഗമാക്കിയിരുന്നു.. ക്ഷേത്രാങ്കണങ്ങളിൽ വരെ റംലാ ബീഗത്തിന്റെ കഥാപ്രസംഗം കൈയ്യടി നേടി.

സുന്ദരമായ ശൈലിയും കഥകൾക്ക് അനുസരിച്ചുള്ള അവതരണ ചൊടി കൊണ്ടും കഥാപ്രസംഗ വേദികൾ റംലാ ബീഗം ഇളക്കി മറിച്ചു.ശെൽവി ആലപ്പുഴയായിരുന്നു കൂടുതലുംകൂടെ പാടാനു ണ്ടായിരുന്നത്. ആയിശബീഗവും എം.എ. അസീസും,റംലാ ബീഗവും ഒരുമിച്ചും കഥാ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. കാസർക്കോട് ജില്ലയിൽ പ്രത്യേകിച്ച് ഉപ്പള ഭാഗങ്ങളിലാണ് മൂവരും ഒരുമിച്ച് ബദറുൽ മുനീർ ഹുസനുൽ ജമാൽ അവതരിപ്പിച്ചത്. ഇ.എം.എസ്സും , സി.എച്ച്. മുഹമ്മദ് കോയയുമെല്ലാം റംലാ ബീഗത്തിന്റെ കഥാ പ്രസംഗം ആവേശത്തോടെ കേട്ടിരുന്ന വരാണ്.സി.എച്ചും,ചന്ദ്രികയും റംലബീഗത്തിന് ആവേശമായിരുനു. സി.എച്ചി ന്റെ പ്രഭാഷ ണവും റംല ബീഗത്തിന്റെ കഥാ പ്രസംഗവും എന്ന പരസ്യങ്ങൾ ചന്ദ്രികയിൽ സ്ഥിരം അച്ചടിച്ച് വന്നാൽ പിന്നെ മൈതാനം സമ്മേളന നഗരിയാവും.സി.എച്ച് നല്ലൊരു ഉപദേശകൻ കൂടിയായി.ചന്ദ്രിക വഴി നല്ല പ്രോൽസാഹ നങ്ങൾ നൽകി കൊണ്ടേയിരുന്നു. റംല ബീഗം പലപ്പോഴും ഇത് പറയാറുണ്ടായിരുന്നു.മുസ്ലിം സ്ത്രീ പൊതു വേദിയിൽ വരുന്നത് എതിർപ്പുകളും ഭീഷണി കളും വന്നത് സി.എച്ചിനോട് പറയുമ്പോൾ ആത്മ ധൈര്യം നൽകി. എതിർപ്പുകൾ പ്രോൽസാഹനമായി കണ്ടാൽ മതി എന്നായിരുന്നു സി.എച്ച് നൽകിയ ഉപദേശം. മധുരവും കൈപ്പും നിറഞ്ഞ പതിറ്റാണ്ടുകൾ. ഇന്ത്യക്കകത്തും പുറത്തുമായി ഒട്ടേറെ സ്റ്റേജുകൾ. യു.എ.ഇ യിൽ പരിപാടികൾ അവതരിപ്പിച്ചതിന് കയ്യും കണക്കുമില്ല. 1971 കളിൽ സിങ്കപ്പൂർ, മലേഷ്യ യാത്രകൾ . ഖത്തർ, കുവൈത്ത്, ബഹ്റൈൻ, സൗദി എന്നിവിട ങ്ങളിൽ ഒക്കെയും റംല ബീഗം ട്രന്റായ കാലം. സ്വന്തം പരിപാടികൾക്ക് പുറമെ വി.എം. കുട്ടി, എരഞ്ഞോളി മൂസ, പീർ മുഹമ്മദ്, അസീസ് തായ്നേരി,വടകര എം.കുഞ്ഞിമൂസ എന്നിവർക്കൊപ്പമെല്ലാം മാപ്പിളപ്പാട്ടുകളും , കഥാപ്രസംഗവും അവതരിപ്പിക്കാനും ഭാഗ്യം ലഭിച്ചു.1992 മുതൽ വി.എം.കുട്ടിയുടെ കുട്ടീസ് ഓർഗസ്ട്രയിൽ സ്ഥിരം ഗായികയായി.

തുടക്കത്തിൽ ട്രൂപ്പിൽ കഥാപ്രസംഗം അവത രിപ്പിച്ചെങ്കിലും പിന്നീടിങ്ങോട്ട് മധുവൂറും മാപ്പിളപ്പാട്ടുകൾ സമ്മാനിച്ചു.വി.എം.കുട്ടിയുടെ ട്രൂപ്പിൽ പാടുന്ന കാലത്ത് കേന്ദ്ര മന്ത്രി പി.എം സഈദിന് വേണ്ടിയുള്ള ലക്ഷദ്വീപ് പ്രോഗ്രാ മിൽ മർഹബ പാടി പ്രധാനമന്ത്രി നരസിംഹ റാവുവിനെ എതിരറ്റത് ഇവരുടെ ജ്വലിക്കുന്ന ഓർമ്മയായിരുന്നു.അന്ന് കൂടെ പാടിയ നിസാമോൾ ,ഇഷ്റത്ത് സബ ഉൾപ്പെടെയുള്ള വർ മാതൃ സ്നേഹം കൂടിയാണ് അനുഭവിച്ചത്.
1985ൽ തന്റെ താങ്ങും തണലുമായ ഭർത്താവ് തബലിസ്റ്റ് അബ്ദുസലാമിന്റെ വേർപ്പാട് ഇവരെ വല്ലാതെ തളർത്തി. പിന്നീട് കുറച്ച് കാലം രംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. കലാ ലോകത്തിന്റെ നിർബന്ധത്തിന് വഴങ്ങി 3വർഷ ശേഷം വീണ്ടും രംഗത്ത് എത്തി. മലബാർ പ്രദേശങ്ങളിൽ പരിപാടികൾ അധികരിച്ചതോടെ താമസം കോഴിക്കോട്ടേക്ക് മാറ്റി. ഉമ്മയുടെ നാടായ ഫറോക്കിൽ ഒരു വാടക വീട്ടിലായിരുന്നു താമസം.2005 മുതലാണ് ഇത്. പിന്നീട് മലപ്പുറം ജില്ലയിലെ കാലിക്കറ്റ് സർവ്വകലാശാലക്കടുത്ത് കോഹിനൂരിലേക്ക് മാറി.ഇതിനിടെ 15 ദിവസ ത്തെ സൗദി പര്യടനത്തിന് പിന്നാലെ ഉംറ നിർവ്വഹിച്ച് നാട്ടിലെത്തിയ റംല ബീഗത്തെ ശാരീരിക പ്രയാസത്തെ തുടർന്ന് പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ആക്കി. എട്ട് മാസ ശേഷം വീണ്ടും അറ്റാക്ക് സംഭവിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് ഓപ്പറേഷൻ നടത്തി. ഡോ.എം.കെ.മുനീർ ഇടപ്പെട്ടായിരുന്നു ചികിൽസ.പിന്നീട് മുനീറിന്റെ നേതൃത്വത്തിൽ ഇശൽമാല ഗ്രൂപ്പ് കോഴിക്കോട് പാറോപടിയിൽ സ്വന്തമായ ഫ്ലാറ്റ് വാങ്ങിച്ചു നൽകി. ഇതിനായി കോഴിക്കോട് കലാനിശ ഒരുക്കിയിരുന്നു.2008 ൽ ഇവിടേക്ക് താമസം മാറി.14വർഷം മകൾ റസിയാബിയു മൊത്ത് ഇവിടെ താമസിച്ചു. പിന്നീട് മലപ്പുറം ജില്ലയിലെ വാഴയൂർ കാരാടിലേക്കും അവിടെ നിന്ന് പള്ളിക്കൽ ബസാറിലേക്ക് താമസം മാറി.അസുഖം കൂടിയതോടെ പിന്നീട് താമസം പൊന്നാനിയിലെ പേരമകളുടെ വീട്ടിലായി രുന്നു.

മുള്ളും മലരും ചവിട്ടി നീങ്ങിയുള്ള പാട്ടു യാത്രയിൽ റംലത്തക്ക് ഓർക്കാൻ ഒത്തിരി ഉണ്ടായിരുന്നു.കാസർഗോഡ് പെരുന്നാൾ കഴിഞ്ഞുള്ള ഒരു ഒരു ദിവസം. ഒരു പ്രോഗ്രാം കഴിഞ്ഞ് ആലിയ ലോഡ്ജിൽ എത്തി മടക്ക യാത്ര ക്കുള്ള ഒരുക്കത്തിൽ നിൽക്കുമ്പോ ഴാണ് ഒരാൾ കാണാൻ എത്തുന്നത്. ഒരു കല്യാണ വീട്ടിൽ നിന്നാണ് അയാളെ വരവ്. അവിടെ തലേ ദിവസം നടന്ന മെഹ്ഫിലിനിടെ നാളെ റംലാ ബീഗം കല്യാണ ചടങ്ങിൽ പാട്ടു പാടുമെന്ന് ഇയാൾ അറിയിച്ചത് അഭിമാന പ്രശ്നമായി. റംലാ ബീഗം പാടാമെന്ന് ഏറ്റ തോടെ വെറുതെ പറയുകയല്ലന്ന ധാരണ മാറ്റാൻ കല്യാണ വീട്ടിൽ കൂടെ വരാനായി നിർബന്ധം.കൂടെ പോയി വീട്ടിലെത്തിയതോടെ അവിടെ ചെറിയ മെഹ്ഫിൽ പരിപാടി കഴിഞ്ഞ് ഭക്ഷണം വിളമ്പിയിരുന്നു.വീട്ടുകാർ അവരെ പൊതിഞ്ഞു. ഭക്ഷണം കഴിച്ച് മടക്കാനിരിക്കെ ഒരു മധ്യ വയസ്കൻ ഓടി എത്തി എനിക്ക് നിങ്ങളെ : “ഇരുലോകം ജയമണി നബിയുല്ല ” പാടി കേൾക്കണമെന്ന് ആഗ്രഹം പറഞ്ഞു. നാളെ ഇവിടെ പാടുമ്പോൾ കേൾക്കാമല്ലോ എന്ന് മറുപടി നൽകി. നാളെ എനിക്ക് കേൾക്കാൻ പറ്റിയില്ലങ്കിലോ എന്ന് അയാൾ തിരിച്ചും. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി അതുൾപ്പെടെ മൂന്നു പാട്ടുകൾപാടി റൂമിലേക്ക് മടങ്ങി.പിറ്റേന്ന് രാവിലെ ഇറങ്ങാനിരിക്കെ വീട്ടിൽ നിന്ന് ആള് വന്നു അയൽവാസി മരിച്ചത് കാരണം പരിപാടി അസറിന് ശേഷ മാക്കിയ വിവരം അറിയിച്ചു.വീട്ടിൽ എത്തി പാട്ടു തുടങ്ങുമ്പോഴാണ് ഒരു സ്ത്രീ വന്ന് പറഞത്. മരിച്ച ആൾ ഇന്നലെ പാട്ടു പാടിപ്പിച്ച ആളായിരുന്നു എന്ന കാര്യം.. നാളെ ഞാൻ ഇല്ലെങ്കിലോ എന്ന അയാളെ മറുപടിയായി രുന്നു.കണ്ണീരോടെയല്ലാതെ റംല ബീഗത്തിന് ഈ ഓർമ്മ പറഞ്ഞ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.ഏഴാം വയസ്സു മുതൽ അമ്മാവൻ സത്താർഖാന്റെ നേതൃത്വലുള്ള ആലപ്പുഴയിലെ ആസാദ് മ്യൂസിക് ക്ലബ്ബിലൂടെ ഹിന്ദി പാട്ടുകൾ പാടിയായിരുന്നു റംലാ ബീഗം പാട്ടിന്റെ ലോക ത്തേക്ക് കടന്ന് വരുന്നത്. 10 വർഷത്തോളം ഹിന്ദി ഗായികയായി ആലപ്പുഴ യിലും സമീപ ജില്ലകളിലും നിറഞ്ഞു നിന്നു. യമനിൽ നിന്ന് കച്ചവട ആവശ്യാർത്ഥം ആലപ്പുഴയിൽ എത്തിയ യൂസുഫ് യമാനിക്ക് ആലപ്പുഴയിലെ പട്ടാണി വംശത്തിൽപ്പെട്ട സ്ത്രീയെ വിവാഹം ചെയ്തതിൽ ജനിച്ച ഹുസൈൻ യൂസുഫ് യമാനിയാണ് റംല ബീഗത്തിന്റെ പിതാവ്. കോഴിക്കോട് ഫറോക്ക് പേട്ടയിലെ മറിയം ബീവിയെയാണ് ഹുസൈൻ യൂസുഫ് വിഹാഹം ചെയ്തത്. ഇതിൽ ജനിച്ച പത്ത് മക്കളിൽ പത്താമത്തവളായി 1946 ൽ ആണ് റംല ബീഗത്തിന്റെ പിറവി. പിതാവ് ഹിന്ദി, ഉറുദു ഭാഷകൾ സംസാരിച്ചതിനാലാണ് ഹിന്ദി പാട്ടുകളിൽ പ്രിയം വന്നത്. ഉമ്മയുടെ താരാട്ടുപാട്ടുകളും ബാല്യത്തിലെഗായികയെ ഉണർത്തി.പതിനെട്ടാം വയസ്സിൽ ട്രൂപ്പിലെ പ്രധാന തബലിസ്റ്റും ഹാർമോണിസ്റ്റുമായിരുന്ന അബ്ദുസലാം മാസ്റ്റർ വിവാഹം ചെയ്തതോ ടെയാണ് മാപ്പിളപ്പാട്ടിന്റെയും കഥാപ്രസംഗ ത്തിന്റെയും ലോകത്തേക്ക് വഴിമാറിയത്. റംലാ ബീഗത്തിന്റെ സംഗീതത്തിന്റെ ഗുരുവും വളർച്ചക് കാരണമായതുമെല്ലാം ഭർത്താവ് തന്നെ. ആ കാലത്തെ പ്രമുഖ കാഥികനായ സാംബശിവന്റെ ട്രൂപ്പിൽ തബലിസ്റ്റു കൂടിയാ യിരുന്നു അബ്ദുസലാം . ഗസൽ, ഖവാലി വേദികളിലും സലാം സ്ഥിരം സാന്നിധ്യമായ തിനാൽ ഹിന്ദുസ്ഥാനി സംഗീതത്തിനോടായി രുന്നു കൂടുതൽ താൽപര്യം. മാപ്പിളപ്പാട്ട് എഴുത്തിലും സംഗീതത്തിലും സലാം കഴിവ് തെളിയിച്ചിരുന്നു.റംല ബീഗത്തിലെ മാപ്പിളപ്പാട്ട് വളർച്ചക്ക് കാരണമായതും ഇതു തന്നെ. ഹിന്ദി ട്യൂണിൽ ഭർത്താവിന്റെ മാപ്പിളപാട്ടുകൾ പാടി തുടങ്ങിയ റംല ബീഗം ഈ മേഖലയിൽ തിളങ്ങാൻ അധിക സമയം വേണ്ടി വന്നില്ല..പിന്നീടങ്ങോട്ട് പാട്ടുകളുടെ ഹിറ്റുകൾ തീർത്തു.അഗതികൾക്ക് ആലംബമാകും പുരാനെ ..,,
തവസ്സൽന ബി ബിസ്മില്ലാഹ്,ഇരുലോകം ജയ മണി ,അലിഫെന്ന മാണിക്യം, വമ്പുറ്റ ഹംസ റളി അല്ലാഹു, ബിസ്മില്ലാഹി എന്ന വിശുദ്ധ പൊരുളിന്ന്, അഹദത്തിലലിഫിലാം, ഉളരിടയ് ളം . ളം .., ആദി പെരിയായവൻ, ഇലൈക്ക യാ റബ്ബീ ഖത് വജഹ്തു, മധു നുകരുന്ന മനോഹര രാവ്, അബൂബക്കർ സിദ്ധീഖിൻ , ഇലൈക്ക യാ റബ്ബീ തുടങ്ങി നിരവധി ഹിറ്റുകൾക്ക് പിറവി നൽകാനായി.ഭർത്താവ് എഴുതിയ പാട്ടുകൾക്ക് പുറമെസബീന പാട്ടുകൾ , മോയിൻ കുട്ടി വൈദ്യരുടെ പാട്ടുകൾ, ശിശു ഹസ്സൻപുലവർ , അഹമ്മദ് കുട്ടി കൊല്ല, ഒ.എം.കരുവാരക്കുണ്ട് എന്നിവരുടെ ഒക്കെ രചനയിൽ പിറന്ന അനശ്വര മാപ്പിളപ്പാട്ടു കൾക്ക് റംല ബീഗം ആത്മാവ് നൽകി. മലയാള സിനിമക്ക് ഹിന്ദുസ്ഥാനി മുഖം നൽകിയ എം.എസ്. ബാബുരാജും, തമഴ് സംഗീതജ്ഞൻ കല്യാണസുന്ദരനുമൊക്കെ ഇവർക്കായി പാട്ടുകൾ ചിട്ടപ്പെടുത്താനുണ്ടായിരുന്നു. റംല ബീഗത്തിന്റെ എക്കാലത്തെയും ഹിറ്റായ വമ്പുറ്റ ഹംസക്ക് സംഗീതം നൽകിയത് ബാബുരാജ് ആണ്. കല്യാണസുന്ദരനാണ് ഇരുലോക ജയ മണി ചിട്ടപ്പെടുത്തിയത്. ഈ ഗാനം കത്തി നിന്ന സമയത്ത് കണ്ണുർ ജില്ലാ മുസ്ലിം ലീഗ് നേതാവായിരുന്ന വി.പി വമ്പന്റെ കല്യാണ വീട്ടിൽ വരുന്നരൊക്കെ ആവശ്യ പ്പെട്ടതോടെ പാടിയത് 17 തവണ.കഥാപ്രസംഗ രംഗത്ത് ഇവർക്ക് പിന്നെ പകരക്കാരായി ആരും വന്നിട്ടില്ല എന്നത് റംലാ ബീഗത്തിന്റെ വലുപ്പം കൂട്ടുന്നു. 1992 ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച കാഥികക്കുള്ള പുരസ്കാരം നൽകി ആദരിച്ചു. കേരള ഫോക്ക്ലർ അവാർഡ്, കേരള മാപ്പിള കലാ അക്കാദമി അവാർഡ്,കെ.എം.സി.സി ഉൾ പ്പെടെ ഒട്ടേറെ അവാർഡുകൾ ഇവരെ തേടി എത്തിയിട്ടുണ്ട്. 2021 ൽ മോയൻകുട്ടി വൈദ്യർ
മാപ്പിള കലാ അക്കാദമി പുരസ്കാരവും നൽകി.2021 ഇശൽ രചന കലാ സാഹിത്യ വേദി 25000 രൂപയും മൊമെന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന പ്രഥമ വി.എം. കുട്ടി സ്മാരക അവാർഡും നൽകി റംലാ ബീഗത്തെ ആദരിച്ചിരുന്നു.ഹിറ്റ് പാട്ടുകൾ നൽകി പാട്ടു ലോകത്തെ കൊണ്ട് ഉശിരൻ കയ്യടി നേടിയെടുത്ത ആലപ്പുഴ റംല ബീഗം ഒടുവിൽ ചരിത്രമാവുമ്പോൾ പാട്ടു ലോകം പാടി കൊണ്ടേയിരിക്കും
“ഇരു ലോകം ജയമണി നബിയുള്ളാഹ്
തിരുവും വന്നേ
ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ…

webdesk11: