X
    Categories: keralaNews

മണവാട്ടിമാരുടെ തോഴന്‍-മാപ്പിളകലകളുടെ പരിശീലകന്‍ മൊയ്‌നുണ്ണി മാസ്റ്റര്‍ക്ക് സര്‍ഗവഴിയില്‍ 16 വര്‍ഷം തികയുന്നു

മുഹമ്മദ് ബഷീര്‍ മടവൂര്‍

മണവാട്ടി ചമഞ്ഞിരുന്നു, തോഴിമാര്‍ ആടിപ്പാടി. ഇശലുകള്‍ പെയ്തിറങ്ങി. ആസ്വാദകരുടെ മനം കുളിര്‍ത്തു. പെണ്‍കുട്ടികളുടെ ഒപ്പന മത്സരം അരങ്ങു തകര്‍ക്കുകയാണ്. എല്ലാവരും മത്സരിച്ചു കളിക്കുന്നു. ഫലം പുറത്തുവരുന്നു. ഒന്നാം സ്ഥാനം അനൗണ്‍സ് ചെയ്തു… സദസ്സില്‍നിന്ന് ആരവമുയരുന്നു. ഒരു ചെറുപ്പക്കാരനെ കുട്ടികള്‍ എടുത്തുയര്‍ത്തുന്നു. സന്തോഷംകൊണ്ട് അവരദ്ദേഹത്തെ വീര്‍പ്പുമുട്ടിക്കുകയാണ്. അതവരുടെ മൊയ്നു മാഷായിരുന്നു. അവരെ ഒപ്പന പഠിപ്പിച്ച മാഷ്. മാപ്പിള കലാരംഗത്ത് വ്യത്യസ്ഥതകൊണ്ട് മണവാട്ടിമാരുടെയും തോഴിമാരുടെയും ഹൃദയം കവര്‍ന്ന കുട്ടികളുടെ സ്വന്തം മൊയ്നു മാഷ്. കോഴിക്കോട് ജില്ലയിലെ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂളിലെ അധ്യാപകനാണദ്ദേഹം.
16 വര്‍ഷമായി ഒപ്പന, വട്ടപ്പാട്, കോല്‍ക്കളി, ദഫ് മുട്ട്, അറബനമുട്ട് തുടങ്ങിയ മാപ്പിള കലകളെ പരിപോഷിപ്പിക്കുന്നതില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മൊയ്നു മാഷ് സംസ്ഥാനമൊട്ടുക്കും വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും അവരെ മത്സരത്തിനായി ഒരുക്കുകയും ചെയ്യുന്നു. മാഷ് പഠിപ്പിച്ച ഒട്ടുമിക്ക ഒപ്പനക്കും ഒന്നാം സ്ഥാനം ലഭിച്ചിട്ടുമുണ്ട്.


ഒപ്പനക്ക് പ്രധാനമായും വേണ്ടത് പാട്ട് തന്നെയാണെന്ന് മൊയ്നു മാഷ് പറയുന്നു. ഏറ്റവും നന്നായി പാട്ട് പാടുന്ന മൂന്നു കുട്ടികളെയാണ് ആദ്യം കണ്ടെത്തേണ്ടത്. പാട്ട് തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കല്യാണമാണ് പാട്ടിലൂടെ അവതരിപ്പിക്കുന്നത്. ഒപ്പനക്ക് കാലങ്ങളായി കണ്ടുവരുന്നത് ഖദീജാ ബീവിയും മുത്തു റസൂലും തമ്മിലുള്ള വിവാഹമാണ്. നാല്‍പതു വയസ്സുള്ള വിധവയായ ഖദീജാബീവിയെ ഇരുപത്തിയഞ്ചുകാരനായ റസൂല്‍ വിവാഹം കഴിച്ച കഥയായിരിക്കും മിക്കവരും തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ നബിയുടെ മകള്‍ ഫാത്തിമ ബീവിയും അലിയാര് തങ്ങളും തമ്മിലുള്ള വിവാഹവും യൂസുഫ് – സുലൈഖയുടെ വിവാഹവും ഒപ്പനയായി അവതരിപ്പിക്കാറുണ്ട്. ഇത്തരം കല്യാണ പാട്ടുകള്‍ ചരിത്ര സംഭവമായി അവതരിപ്പിച്ചാണ് ഒപ്പന കളിക്കുന്നത്. പാട്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു ചരിത്ര സംഭവംതന്നെ പറയുന്നതായിരിക്കാന്‍ ശ്രദ്ധിക്കണം. പല പല പാട്ടുകളുടെ പല പല ഭാഗങ്ങള്‍ പറ്റില്ലെന്നര്‍ത്ഥം. പത്ത് മിനിറ്റുള്ള ഒപ്പനയില്‍ ഏതാണ്ട് പത്ത് പാട്ടോളം വരും. വഴിനീളത്തില്‍ തുടങ്ങുന്ന ഒപ്പനപ്പാട്ട് മുറുക്കത്തിലെത്തുമ്പോള്‍ പാട്ട് മാറിപ്പോകരുതെന്നര്‍ത്ഥം. ഒപ്പനക്ക് അറുപത് ശതമാനത്തോളം മാര്‍ക്കും ലഭിക്കുക പാട്ടിനെ ആസ്പദമാക്കിയാണ്. പാട്ടു പാടുന്നവര്‍ ഉച്ചാരണം ശരിയാക്കേണ്ടതുമുണ്ട്. മൂന്നു പാട്ടുകാരില്‍ ഒരാള്‍ പാട്ടിനെ ലീഡ് ചെയ്യണം. മറ്റു രണ്ട് പേര്‍ കോറസ് പാടണം. ശ്രുതി തെറ്റാതെ പാടാന്‍ കഴിയണം. പാട്ടു നന്നായാല്‍ തന്നെ ഒപ്പന പകുതി വിജയിച്ചു എന്നു പറയാം. പാട്ട് മനപ്പാഠമാക്കിത്തന്നെ പാടണം.
ഒപ്പനക്ക് പത്തു പേരാണുണ്ടാവുക. മൂന്നു പാട്ടുകാരും ഒരു മണവാട്ടിയും ആറ് കളിക്കാരും. ഏതാണ്ട് ഒരേ ഉയരമുള്ള കുട്ടികളെയാണ് തിരഞ്ഞെടുക്കേണ്ടത്. കുട്ടികളെ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ള ഏതാണ്ട് ഒരേ പ്രായത്തിലുള്ളവരായിരിക്കും ഭംഗി. കാണാന്‍ നല്ല ഭംഗിയുള്ളവരും നല്ല ചിരിയുള്ളവരുമായിരിക്കണം. മണവാട്ടിയും സുന്ദരിയായിരിക്കണം. തോഴിമാരുടെ കളിയാക്കലുകള്‍ക്കും കൊഞ്ചലുകള്‍ക്കും നാണത്തോടെ പ്രതികരിക്കുന്നവളാകണം. നല്ല ഭംഗിയുള്ള ചിരി മണവാട്ടിയുടെ അഴക് വര്‍ധിപ്പിക്കും. പാട്ടുപാടുന്നവരും കളിക്കാരും തമ്മില്‍ കൃത്യമായ കമ്യൂണിക്കേഷന്‍ വേണം. പാട്ടു തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴുമൊക്കെ ഇത് അത്യാവശ്യമാണ്. തുടക്കമാണ് പലപ്പോഴും തെറ്റിപ്പോകുന്നത്. പാട്ടുകാരും കളിക്കാരും ഇതിനായി സിഗ്‌നല്‍ കൊടുക്കുന്നത് നന്നായിരിക്കും.


അനങ്ങാതെ നിന്നാണ് (സ്റ്റില്‍) ഒപ്പന തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതും. കര്‍ട്ടണ്‍ ഉയരുമ്പോഴും താഴുമ്പോഴും ചലനമുണ്ടാകാന്‍ പാടില്ല. കര്‍ട്ടണ്‍ ഉയരുമ്പോള്‍ എല്ലാവരും ഭംഗിയായി ചിരിച്ചിരിക്കണം. ഏറ്റവും സന്തോഷത്തില്‍ അവതരിപ്പിക്കേണ്ടതാണ് ഒപ്പന. അതിനാല്‍ ഭംഗിയായി ചിരിച്ചാണ് ഒപ്പന അവതരിപ്പിക്കേണ്ടത്. രണ്ട് വഴി നീളത്തില്‍ തന്നെ മണവാട്ടിയെ കസേരയില്‍ ഇരുത്തും. മണവാട്ടി സ്വയം ഇരിക്കുകയോ തോഴിമാര്‍ ഇരുത്തുകയോ ചെയ്യാം. പഴയ കാല തനിമയില്‍ നാണം കുണുങ്ങിയായിരിക്കണം മണവാട്ടി ഇരിക്കേണ്ടത്. മൂന്നു പേര്‍ ഒരു ഭാഗത്തും മൂന്നു പേര്‍ മറു ഭാഗത്തുമായി വട്ടത്തിലായിരിക്കണം കളിക്കേണ്ടത്. കൃത്യമായി വട്ടത്തില്‍നിന്ന് കളിക്കാന്‍ ശ്രമിക്കണം. മണവാട്ടിയുടെ മുന്നില്‍ നില്‍ക്കുന്ന രണ്ടു പേര്‍ കുറച്ച് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കണം. പിന്നില്‍ നില്‍ക്കുന്നവര്‍ അല്‍പം അടുത്തുനിന്നാല്‍ ആറു പേരെയും കൃത്യമായി കാണാന്‍കഴിയും. വിധി കര്‍ത്താക്കള്‍ക്ക് കൃത്യമായി എല്ലാവരുടേയും ചലനങ്ങളും മുഖവും കാണാന്‍ ഇതുപകരിക്കും. കൃത്യമായി വട്ടം സൂക്ഷിച്ച് കളിക്കുകയും ഉള്ളിലേക്ക് കയറി കളിക്കുമ്പോള്‍ കൃത്യമായ പോയന്റില്‍ വരിക എന്നതും പ്രധാനമാണ്. ഒപ്പനപ്പാട്ടില്‍ ചായലും ചരിയലുമുണ്ടാകും. ചാഞ്ഞും ചരിഞ്ഞും നാണത്തിലും നടത്തത്തിലും കൃത്യത വേണം. മണവാട്ടിയും തോഴിമാരും തമ്മില്‍ നല്ല ബന്ധമുണ്ടാകണം. കണ്ണുകൊണ്ട് അവര്‍ കഥ പറയണം. തലകൊണ്ട് കളിയാക്കണം. തോഴിമാര്‍ കളിയാക്കുമ്പോള്‍ മണവാട്ടി നാണം കുണുങ്ങണം. ഇടം കണ്ണിട്ട് അവര്‍ക്കൊപ്പം ചേരണം. നൃത്ത ചുവടുകള്‍ ഒപ്പനയില്‍ വരാന്‍ പാടില്ല. പോക്കുവഴിനീളവും ശ്രദ്ധിക്കേണ്ടതുണ്ട്.
ഏറ്റവും ലളിതമായ രീതിയിലാണ് ഒപ്പനക്ക് മെയ്ക്കപ്പ് ചെയ്യേണ്ടത്. ക്ലാസിക്കല്‍ ഡാന്‍സിനുപോലെയുള്ള മെയ്ക്കപ്പ് ഒപ്പനക്ക് ആവശ്യമില്ല. കളിക്കുന്ന കുട്ടികളേക്കാളും ഒരല്‍പം കൂടുതല്‍ മെയ്ക്കപ്പ് മാത്രമേ മണവാട്ടിക്ക് വരാന്‍ പാടുള്ളു. വലിയ വാലിട്ട് കണ്ണ് എഴുതരുത്. ചെറിയ രീതിയിലാകാം. പിരികം മായ്ച്ച് വലിയ പിരികം എഴുതേണ്ടതില്ല. തനിമ നിലനിര്‍ത്താന്‍ കൂട്ടുപിരികം പാടില്ല. ചുണ്ട് വല്ലാതെ ചുവപ്പിക്കയുമരുത്.
കാച്ചിമുണ്ട്, ബ്ലൗസ്, തട്ടം എന്നിവയാണ് ഒപ്പനക്ക് വേണ്ട വസ്ത്രം. പച്ച, നീല, ചുവപ്പ് കരയുള്ള കാച്ചിത്തുണിയാണ് ഉപയോഗിക്കാറ്. ബ്ലൗസ് വെള്ള നിറത്തിലുള്ളതായിരിക്കണം. മാങ്ങാവര്‍ക്കുള്ള വലിയ തട്ടമാണ് വേണ്ടത്. തട്ടമിടുമ്പോള്‍ മുടി കാണാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഇളക്കത്താലി, കാശി മാല, മാങ്ങാമാല എന്നിവയൊക്കെ ആഭരണങ്ങളായി ഉപയോഗിക്കാം. കളിക്കുന്നവര്‍ക്ക് മൂന്നു മാലകള്‍ വരെ പരമാവധി ഉപയോഗിക്കാം. എല്ലാവരും ഒരേ പോലെ മാല ഇടാന്‍ ശ്രദ്ധിക്കണം. പാദസരം എല്ലാവരും ഒരേ പോലുള്ളത് ഉപയോഗിക്കണം. വെള്ളി നിറത്തിലുള്ള അരഞ്ഞാണം വേണം. ലെയ്സ് ഉള്ള അരഞ്ഞാണം ഉപയോഗിക്കാന്‍ പാടില്ല. മണവാട്ടിയുടെ വസ്ത്രത്തിന് മാത്താവ് എന്നാണ് പറയുക. രണ്ട് പീസ് തുണിയാണിത്. ഒന്ന് ഉടുക്കാനും മറ്റൊന്ന് തലയിലിടാനും. പിന്നെ വേണ്ടത് ബ്ലൗസാണ്. ഇവ മൂന്നും ഒരേ നിറത്തിലുള്ളതാകണമെന്നില്ല. പരസ്പരം ചേരുന്ന മനോഹരമായ നിറമായാല്‍ മതി. സറാറ, ലെഹങ്ക പോലുള്ളവ പാടില്ല. കാച്ചിത്തുണിയും മണവാട്ടിയുടെ തുണിയും വലത്തോട്ടാണ് ഉടുക്കേണ്ടത്. മുസ്ലിം സ്ത്രീകള്‍ വലത്തോട്ടും പുരുഷന്‍മാര്‍ ഇടത്തോട്ടുമാണ് തുണി ഉടുത്തിരുന്നത് എന്ന പഴയകാല തനിമ നിലനിര്‍ത്താനാണിത്. മണവാട്ടി ആര്‍ഭാടമായി തന്നെ ആഭരണങ്ങള്‍ അണിയണം.


കളിക്കുന്നവര്‍ കൈ വെള്ളയില്‍ ഒരു രൂപ (രണ്ടു രൂപ) വട്ടത്തില്‍ മൈലാഞ്ചി ഇടണം. കൈ വിരലില്‍ മൈലാഞ്ചി കൊണ്ട് തൊപ്പിയിടുകയും വേണം. കാലില്‍ വിരലിനോട് ചേര്‍ത്ത് മൈലാഞ്ചി ഇടാം. മണവാട്ടി കൈ മുഴുവനായും ഇടുന്നതാണ് ഭംഗി. മണവാട്ടിക്ക് ചെരുപ്പ് ധരിക്കാവുന്നതാണ്. സ്വര്‍ണ വളകളും ഭംഗിക്കു വേണ്ടി ചുവപ്പ്, പച്ച നിറത്തിലുള്ള കുപ്പി വളകളും ഉപയോഗിക്കാം.
പ്രാര്‍ത്ഥനയോടെ സ്റ്റേജില്‍ കയറി ടെന്‍ഷനില്ലാതെ പരമാവധി നന്നായി കളിക്കാനാണ് മൊയ്നു മാഷ് കുട്ടികളോട് ഉപദേശിക്കാറ്. ഇത്രയും ബ്രില്യന്റായ സാറിനെ കാണുന്നത് ആദ്യമാണെന്നും പാട്ട് അര്‍ത്ഥമറിഞ്ഞ് പഠിപ്പിച്ചതായും കോട്ടയം വല്ലകം സെന്റ്മേരീസ് സ്‌കൂളിലെ ഒപ്പന സംഘത്തില്‍ പാട്ടുപാടിയ ദേവ ഗായത്രി പറയുന്നു. വളരെ പെട്ടെന്ന് കൃത്യമായി മനോഹരമായ ഒപ്പന പഠിപ്പിച്ചതായി ഇതേ സ്‌കൂളിലെ തന്നെ മിന്നു തെരേസ് റോയ് സാക്ഷ്യപ്പെടുത്തുന്നു. വ്യത്യസ്ത ഒപ്പനയാണ് മാഷ് പഠിപ്പിക്കുന്നതെന്നും നേരത്തെ ഡാന്‍സ് മത്സരങ്ങളില്‍ മാത്രം മത്സരിച്ചിരുന്ന തനിക്ക് ഒപ്പനയോട് ഏറെ ഇഷ്ടം തോന്നിയത് മാഷ് പഠിപ്പിക്കാനെത്തിയപ്പോഴാണെന്നും കാസര്‍കോട്
ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വര്‍ഷ കെ.പിയും പറയുന്നു. മാഷ് പഠിപ്പിച്ചാല്‍ ആത്മവിശ്വാസത്തോടെ സ്റ്റേജില്‍ കയറാനാകുമെന്ന് കോഴിക്കോട് ചക്കാലക്കല്‍ ഹൈസ്‌കൂളിലെ ഹയ ഫാത്തിമയും വ്യക്തമാക്കുന്നു.
ജീവിത പ്രാരാബ്ദം കൊണ്ട് കലാരംഗത്ത് സജീവമായ വ്യക്തിയാണ് മൊയ്നു മാഷ്. വെണ്ണക്കാട് ജി.എം.യു.പി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പിതാവ് മരണമടയുന്നത്. പിന്നീട് കൊടുവള്ളി മുസ്ലിം യതീംഖാനയിലാണ് പത്താം ക്ലാസ് വരെയുള്ള പഠനം. ഹൈസ്‌കൂള്‍ പഠനകാലത്ത് കോല്‍ക്കളിയിലും അഭിനയത്തിലും മിടുക്കനായിരുന്നു. പത്താം ക്ലാസ് പഠന സമയത്ത് ജില്ലാ തലത്തില്‍ നാടകത്തില്‍ സമ്മാനം നേടി. കലയിലുള്ള കഴിവ് കണ്ട് ആദ്യമായി പ്രോല്‍സാഹനം നല്‍കിയത് യതീംഖാന ജീവനക്കാരനായിരുന്ന കാസിം മേപ്പള്ളിയാണ്. എസ്.എസ്.എല്‍.സിക്ക് ശേഷം പ്ലസ്ടുവിന് കോഴിക്കോട് എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്നു. പഠനത്തോടൊപ്പം വിവിധ ടെലികോം കമ്പനിയില്‍ ജോലിയും നോക്കിയിരുന്നു. ഹയര്‍സെക്കണ്ടറി പഠന സമയത്ത് സാദിഖ് മാത്തോട്ടം എന്ന അധ്യാപകന് കീഴില്‍ ദഫും അറബനയും പഠിക്കുകയും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. തുടര്‍ന്നാണ് കലാ രംഗത്തേക്ക് പരിശീലകനായി ഇറങ്ങുന്നത്. ഹയര്‍സെക്കണ്ടറി പഠനശേഷം ബീരാന്‍ കോയ ഗുരുക്കളില്‍നിന്ന് കോല്‍ക്കളിയിലും പഠനം നടത്തി പരിശീലന രംഗത്ത് സജീവമായി. വിവിധ മത്സരങ്ങളില്‍ അദ്ദേഹം പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഒട്ടേറെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. സ്‌കൂള്‍ വാര്‍ഷികങ്ങളില്‍ വിവിധ തീം ആസ്പദമാക്കി നിരവധി കുട്ടികളെ ഒരേ സമയം വേദിയിലെത്തിച്ച് രണ്ടും മൂന്നും മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. മൈലാഞ്ചി രാവ്, മൊഞ്ചാണ് ഇശല്‍, പ്രവാസി കഥകള്‍, മുച്ചീട്ടുകളിക്കാരന്‍, മണ്ടന്‍ മുത്തപ്പ തുടങ്ങിയവ അതില്‍ ചിലതാണ്.


കലാരംഗത്തെ യാത്രയ്ക്കിടെയാണ് മുട്ടാഞ്ചേരി ഹസനിയ യു.പി സ്‌കൂളില്‍ എത്തുന്നത്. അവിടെ ഒഴിവ് വന്ന പോസ്റ്റിലേക്ക് മാനേജ്മെന്റ് ക്ഷണിക്കുകയും 2014ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഏഴ് വര്‍ഷവും കൊടുവള്ളി സബ് ജില്ലയില്‍ ഒപ്പന മത്സരത്തില്‍ ഒന്നാം സ്ഥാനവും ഓവറോള്‍ കിരീടവും സ്‌കൂളിന് നേടികൊടുക്കാന്‍ സാധിച്ചു. 2019 ല്‍ അദ്ദേഹം തന്നെ രചന നിര്‍വഹിച്ച് കമ്പോസ് ചെയ്ത ഒപ്പനക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തില്‍ അറുനൂറോളം കുട്ടികളെ ഉള്‍ക്കൊള്ളിച്ച് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്‌കൂളിന്റെ ചരിത്രം അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. ഈ വര്‍ഷം വടകരയില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലാമേളയില്‍ അദ്ദേഹം പഠിപ്പിച്ച കുട്ടമ്പൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഒപ്പനയില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നത്.
കൊടുവള്ളി മദ്രസാ ബസാര്‍ ഒറ്റക്കണ്ടത്തില്‍ പരേതനായ മഹ്മൂദ് ഹാജിയുടെയും സൈനബയുടെയും എട്ട് മക്കളില്‍ അഞ്ചാമനാണ് മുഹീനുദ്ദീന്‍ എന്ന 35 കാരന്‍. ഭാര്യ: ഫാത്തിമ. ഇശലും ഗസലും മക്കളാണ്. കലയോടുള്ള അടുപ്പമാണ് കുട്ടികളുടെ പേരിലെ വൈവിധ്യവും. ഉര്‍ദു അധ്യാപകനായ ഇദ്ദേഹം കൊറോണ കാലത്ത് ഓണ്‍ലൈന്‍ പഠന സമയത്ത് വിക്ടേഴ്സ് ചാനലില്‍ ക്ലാസിന് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇശല്‍ മീഡിയ കൊടുവള്ളി എന്ന യുട്യൂബ് ചാനലില്‍ ഉര്‍ദു ക്ലാസിനും വിവിധ കലകളെ കുറിച്ചുള്ള ക്ലാസുകള്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ അംഗീകാരങ്ങളാണ് ലഭിക്കുന്നത്.

 

 

Chandrika Web: