X
    Categories: indiaNews

ചത്തീസ്ഗഡില്‍ 50ലേറെ മാവോയിസ്റ്റുകള്‍ക്ക് കോവിഡ്

റായ്പൂര്‍: ചത്തീസ്ഗഡില്‍ തലക്ക് ലക്ഷങ്ങള്‍ വിലയിട്ട മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളുള്‍പ്പെടെ 50ലധികം മാവോവാദികള്‍ക്ക് കോവിഡ് ബാധിച്ചതായി പൊലീസ്.
ഇവര്‍ സുക്മ, ബിജാപൂര്‍ ജില്ലകളിലെ ജാഗര്‍ഗുണ്ട, ബസഗുഡ, ക്രിസ്താരം, പാമേഡ് തുടങ്ങിയ മാവോവാദി ബെല്‍റ്റുകളില്‍ കഴിയുകയാണെന്ന് ബസ്തര്‍ റേഞ്ച് ഐ.ജി സുന്ദരരാജ് പറഞ്ഞു. രോഗികളില്‍ പലര്‍ക്കും കോവിഡ് ലക്ഷണങ്ങളും ശ്വാസതടസവുമുണ്ട്. തലക്ക് 25 ലക്ഷം പ്രഖ്യാപിച്ച മൂന്നു നേതാക്കളും രോഗബാധിതരില്‍ ഉള്‍പ്പെടുമെന്നാണ് ദന്തേവാഡ എസ്.പി അഭിഷേക് പല്ലവ വ്യക്തമാക്കുന്നത്.
2019ല്‍ രാമണ്ണയുടെ മരണം മുതല്‍ മാവോവാദികളുടെ അപ്രഖ്യാപിത നേതാവായ സുജാതയും ഇതില്‍ ഉള്‍പ്പെടും. ഇവരുടെ ആരോഗ്യനില വഷളാണെന്നും അവര്‍ക്ക് ശ്വസിക്കാനോ ചലിക്കാനോ സാധിക്കുന്നില്ലെന്നും പല്ലവ പറഞ്ഞു. സുജാതയ്ക്കുപുറമെ, മാവോവാദി നേതാവ് ദിനേഷ്, ദര്‍ഭ വാലി കമ്മിറ്റി സെക്രട്ടറി ജയ് ലാല്‍, സോമ്ദു തുടങ്ങിയവരും കോവിഡ് ബാധയെത്തുടര്‍ന്ന് കഷ്ടപ്പെടുകയാണെന്നാണ് പെലീസ് നല്‍കുന്ന വിവരം. മാവോവാദി നേതാക്കള്‍ ഓണ്‍ലൈനായി ഡോക്ടര്‍മാരില്‍നിന്ന് ചികിത്സ തേടുന്നുണ്ടെന്നും പൊലീസ് പറയുന്നു. സുക്മയിലെ കോണ്ട പ്രദേശത്തുനിന്ന് 150 ഓളം പി.പി.ഇ കിറ്റുകളും 200ഓളം കോവിഡ് വാക്‌സിനും ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കോവിഡിന് പുറമെ ഭക്ഷ്യവിഷബാധയും മാവോവാദികള്‍ക്കിടയില്‍ വില്ലനാകുന്നുണ്ടെന്നാണ് വിവരം.

Test User: