കോഴിക്കോട് : ജില്ലയിലെ പേരാമ്പ്ര, തൊട്ടില്‍പാലം എന്നീ പ്രദേശങ്ങളിലെ മലയോരങ്ങളിലും വയനാടന്‍ മലനിരകളിലും സമീപ കാലങ്ങളിലായി മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായി ദൃശ്യമായ സംഭവങ്ങളില്‍ വസ്തുതാ വിരുദ്ധമായ പ്രചരണവുമായി സി.പി.എം രംഗത്ത്. വലതുപക്ഷത്തെ സഹായിക്കാനാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പശുക്കടവില്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി യോഗത്തില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. മാവോയിസ്റ്റ് ഭീഷണി കേരളത്തില്‍ കാലാകാലമായുള്ളതാണ്. ഇതിനെ എല്‍.ഡി.എഫ് ഇതര കക്ഷികളുമായി കൂട്ടിക്കെട്ടാനുള്ള സി.പി.എം ജില്ലാ സെക്രട്ടറിയുടെ ശ്രമം ദുരുദ്ദേശത്തോടെയുളളതാണെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം ശക്തമായ സ്വാധീനമുള്ള മലയോര പ്രദേശങ്ങളില്‍ സ്വാധീനം കുറയുന്നതില്‍ ആശങ്കയിലാണ് സി.പി.എം നേതൃത്വം. ഭരിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മലയോര പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നത്. ബഫര്‍സോണ്‍, കാട്ടുമൃഗ ശല്യം എന്നിവ മൂലം മലയോര പ്രദേശങ്ങളില്‍ കര്‍ഷകര്‍ പൊറുതി മുട്ടുകയാണ്. കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ വ്യാപകമായ പ്രചാരണ പരിപാടികളാണ് നടക്കുന്നത്.ബഫര്‍സോണ്‍ വിഷയത്തില്‍ നിയമം നിര്‍മ്മിക്കുമെന്ന് നിയമസഭ പ്രമേയം പാസ്സാക്കിയിട്ടുണ്ടെങ്കിലും സംരക്ഷിത വനത്തോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്ന് ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍സോണ്‍ ആക്കുമെന്ന 2019 ല്‍ എല്‍.ഡി.എഫ് മന്ത്രിസഭയുടെ തീരുമാനം കര്‍ഷകരുടെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്.
ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി ഇടപെടുന്നതിലെ വൈരുധ്യവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയത്തിനപ്പുറം വളച്ചൊടിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമമാണ് വിമര്‍ശിക്കപ്പെടുന്നത്.
കഴിഞ്ഞ വെളളിയാഴ്ചയാണ് പശുക്കടവില്‍ ഫോറസ്റ്റിനോട് ചേര്‍ന്ന ഭാഗത്തെ വീട്ടില്‍ തോക്കുമായി നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമടങ്ങിയ സംഘമാണ് പശുക്കടവിലെത്തിയത്. മാവോയിസ്റ്റുകളായ സുന്ദരി, മുത്തലക്ഷ്മി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പനിയാണെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞതിനാല്‍ വീട്ടില്‍ കയറാതെ ഇവര്‍ മുറ്റത്തു നില്‍ക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീം കോടതി ഉത്തരവിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ പെരുവണ്ണാമൂഴിക്കടുത്ത മുതുകാടില്‍ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശത്തായിരുന്നു മാവോയിസ്റ്റുകള്‍ എത്തിയത്.