കല്‍പ്പറ്റ: വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഇന്‍ക്വസ്റ്റി നടപടികള്‍ക്ക് വിധേയമാക്കുകയാണ്. സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലാണ് നടപടികള്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് കൊല്ലപ്പെട്ട സി.പി. ജലീല്‍.
കണ്ണൂര്‍ റെയ്ഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. റിസോര്‍ട്ടിനുള്ളിലെ മീന്‍ കുളത്തോട് ചേര്‍ന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം. റിസോര്‍ട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെയും ജീവക്കാരെയും പൊലീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോകും. റിസോര്‍ട്ടിലെത്തിയ സായുധസംഘത്തിലെ മറ്റുള്ളവര്‍ സമീപത്തെ കാട്ടിലേക്കു രക്ഷപ്പെട്ട സാഹചര്യത്തില്‍ കാട്ടിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന തുടരുന്നു. മാവോയിസ്റ്റ് കബനീദളത്തിന്റെ നേതാവ് സി.പി. മൊയ്തീന്റെ സഹോദരനാണ് ജലീല്‍.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തിരച്ചിലിനും മറ്റുമായി ലക്കിടിയിലേക്ക് കൂടുതല്‍ പൊലീസ് സംഘമെത്തി. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച മുപ്പതോളം തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ കാട്ടില്‍ തിരച്ചില്‍ നടത്തിവരികയാണ്. ആയുധധാരികളായ അഞ്ചു പേരാണ് മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന.
മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് തടഞ്ഞ കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനടുത്തുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ബുധനാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് തണ്ടര്‍ ബോള്‍ട്ടിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ തണ്ടര്‍ ബോള്‍ട്ട് സംഘം ഇവിടെയെത്തുകയും റിസോര്‍ട്ടിന് മുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവും തമ്മില്‍ വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നു. വെടിവെപ്പ് പുലര്‍ച്ചെ നാലര വരെ നീണ്ടുവെന്ന് പൊലീസ് പറഞ്ഞു.