X

മാവോയിസ്റ്റ് കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; മലപ്പുറം കല്കടര്‍ അമിത് മീണക്ക് ചുമതല

നിലമ്പൂര്‍: കരുളായി വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ജാഫര്‍ മാലിക്കിനെയാണ് അന്വേഷണത്തില്‍ നിന്നും മാറ്റിയത്. പകരം മലപ്പുറം കലക്ടര്‍ അമിത് മീണക്കാണ് മജിസ്‌ട്രേറ്റ് തല അന്വേഷണ ചുമതല. വ്യാജ ഏറ്റുമുട്ടലാണെന്നും, പൊലീസ് പോയന്റ് ബ്ലാങ്കിലാണ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചപ്പോഴാണ് സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചത്.

ഇക്കഴിഞ്ഞ 24ന് കരുളായി വനം റെയ്ഞ്ച് പരിധിയിലെ ഉണക്കപ്പാറ ഉള്‍വനത്തിലാണ് പൊലീസും, മാവോയി്‌സറ്റ് സംഘവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയതായും, തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ കുപ്പദേവരാജ്, കാവേരി അജിത എന്നീ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടെന്നും പൊലീസ് സ്ഥിരീകരിച്ചത്. സംഭവം നടന്നതിന്റെ പിറ്റേന്ന് നടന്ന ഇന്‍ക്വസ്റ്റിന് നേതൃത്വം നല്‍കിയത് ജാഫര്‍ മാലിക്കായിരുന്നു. ഈ ഉദ്യോഗസ്ഥന്‍ തന്നെ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും നേതൃത്വം നല്‍കിയാല്‍ വീണ്ടും പഴികേള്‍ക്കേണ്ടവരുമെന്ന ഭരണ പക്ഷത്തെ ചിലരുടെയും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിപ്രായത്തെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. ഒട്ടേറെ സംഘടനകളും സര്‍ക്കാറിന്റെ ആദ്യ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. അമിത് മീണ പെരിന്തല്‍മണ്ണ സബ്കല്കടര്‍ നേരത്തെ സേവനം ചെയ്തിട്ടുണ്ട്.

chandrika: