തിരുവനന്തപുരം: നിലമ്പൂര്‍ വെടിവെപ്പിനെക്കുറിച്ച് അനേഷിച്ച മലപ്പുറം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയത്. ഏറെ വിവാദമായ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത എന്തെന്ന് അറിയാനാകാത്തതിനാല്‍ നിയമ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തീരുമാനം.
വ്യാജ ഏറ്റമുട്ടലെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ വിഷയത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന ആഭ്യന്തര വകുപ്പിന്റെ മറുപടി. കരുളായി വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ നവംബര്‍ 22ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും വിവരങ്ങള്‍ പുറത്തു വന്നിരുന്നില്ല.
ഇതേത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിനും മലപ്പുറം ജില്ലാ കലക്ടര്‍ക്കും ജനകീയ- മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയത്. വിവരാവകാശ നിയമം സെക്ഷന്‍ എട്ട് എ അനുസരിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നാണ് അപേക്ഷക്ക് നല്‍കിയ മറുപടി. അന്വേഷണ റിപ്പോര്‍ട്ട് സംഭവം നടന്ന പ്രദേശത്തെ മജിസ്‌ട്രേട്ട് മുമ്പാകെ സമര്‍പ്പിച്ചിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. കരുളായിയില്‍ നടന്നത് ഏകപക്ഷീയ ഏറ്റുമുട്ടലാണെന്നും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നുമുളള മനുഷ്യാവാശ പ്രവര്‍ത്തകരുടെ ആവശ്യം ഇതോടെ ശക്തമാവുകയാണ്. നിലമ്പൂരില്‍ നടന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിന് നിരക്കാത്ത നടപടിയെന്നായിരുന്നു സി.പി.ഐയുടെ വിമര്‍ശനം. പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ കൊന്നത് കേന്ദ്രഫണ്ട് തട്ടാനുള്ള നടപടിയാണെന്നും മാവോയിസ്റ്റുകള്‍ കൊല്ലപ്പെടേണ്ടവരല്ലെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്ന് പ്രതികരിച്ചിരുന്നു.
തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് തട്ടിയെടുക്കാനാണ് കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തിതീര്‍ക്കുന്നത് എന്ന കാനത്തിന്റെ പ്രസ്താവന സി.പി.എം- സി.പി.ഐ പോരായി മാറുകയും ചെയ്തു. കരുളായി വനമേഖലയില്‍ ഉണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദം പിന്നീട് ശക്തിപ്പെടുകയായിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.