പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
പാലക്കാട് ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നല്‍കിയിരുന്നു. മണിവാസകത്തിന്റെ ഭാര്യ കല നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി മൃതദേഹം കാണാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇപ്പോള്‍ മറ്റൊരു കേസില്‍ തിരുച്ചിറപ്പള്ളി ജയിലില്‍ തടവില്‍ കഴിയുകയാണ് മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസകത്തിന്റെ ഭാര്യ. ഇവരുടെ മകളും ഇതേ ജയിലില്‍ തടവിലാണ്.