അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. പട്രോളിങ് സംഘത്തിനു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് റഹീം പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും റഹീം ആവശ്യപ്പെട്ടു.
സായുധരായ മാവോയിസ്റ്റ് സംഘങ്ങളില്‍ നിന്നും കേരളത്തെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും റഹീം വ്യക്തമാക്കി. കൊലപാതകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രിയും നേരത്തെ രംഗത്തെത്തിയിരുന്നു. സ്വയം രക്ഷക്ക് വേണ്ടി തണ്ടര്‍ബോള്‍ട്ട് വെടിവെച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
എന്നാല്‍ മുഖ്യമന്ത്രിയുടെ വാദത്തെ പൂര്‍ണമായും തള്ളിയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന. മരിച്ച മാവോവാദി മണിവാസകം രോഗാതുരനായി നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. സംഭവസ്ഥലത്തിന്റെ അര കിലോമീറ്റര്‍ ദൂരപരിധിയില്‍ ആദിവാസി ഊരുകളുണ്ട്. മാവോവാദികള്‍ അവിടെ ഒരു ടെന്റിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ പൊലീസ് തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും കാനം പറഞ്ഞു.