നിലമ്പൂര്‍ കരുളായി വനാതിര്‍ത്തിയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
മാവോയിസ്റ്റ് നേതാവ്്് കുപ്പുദേവരാജ്(63), അജിത(42) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനുശേഷം വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാത്രിവരെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് അനാവശ്യ രഹസ്യസ്വഭാവം പുലര്‍ത്തിയെന്നും ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കളും മനുഷ്യാവകാശ സംഘടനാപ്രവര്‍ത്തകരും ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ തീരുമാനം.
ഇന്നലെ രാവിലെ പത്തുമണിയോടെ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം വൈകുന്നേരം മൂന്നരയോടെയാണ് പൂര്‍ത്തിയായത്. രണ്ടു മൃതദേഹങ്ങളും ആറു പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം ഒരേ സമയം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. അസിസ്റ്റന്റ് സര്‍ജ്ജന്മാരായ ഡോ. ആര്‍. സോനു, ഡോ. രതീഷ്, ജൂനിയര്‍ റസിഡന്റ് ഡോ. ഗോപകുമാര്‍ എന്നിവരാണ് അജിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഡോ. കൃഷ്്്്്ണകുമാര്‍, ഡോ. രജിത്ത്, ഡോ. അബ്ദുല്‍റസാക്ക് എന്നിവരാണ് ദേവരാജന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
ദേവരാജന്റെ ബന്ധുക്കള്‍ രാവിലെ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. അമ്മ അമ്മിണി, സഹോദരങ്ങളായ ബാബു എന്ന ശ്രീധരന്‍, ആരോഗ്യം, ധരണി, ശ്രീധരന്റെ ഭാര്യ ലക്ഷ്മി തുടങ്ങിയവരാണ് എത്തിയത്. പൊലീസ് ഏകപക്ഷീയമായി വെടിവെപ്പ് നടത്തിയതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ദേവരാജന്റെ ബന്ധുക്കളും ആരോപിച്ചു.
ഇത്തരം കേസുകളില്‍ സുപ്രീംകോടതിയുടെ നിബന്ധനകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തുഷാര്‍ സാരഥി ആരോപിച്ചു. മാവോയിസ്റ്റുകളുടെ കൊലപാതകം അനുമോദനം അര്‍ഹിക്കുന്നതാണ് എന്ന ഡി.ജി.പിയുടെ പ്രസ്താവന ഖേദകരമാണെന്നും തുഷാര്‍ സാരഥി പറഞ്ഞു. പൊലീസ് വളരെ രഹസ്യമായാണ് കാര്യങ്ങള്‍ ചെയ്തത്. പിടിച്ചുവെച്ച് വെടിവെച്ച നിലയിലാണ് ദേവരാജിന്റെ മൃതദേഹം കാണപ്പെട്ടതെന്ന് സഹോദരന്‍ ശ്രീധരന്‍ പറഞ്ഞു.