ന്യൂഡല്‍ഹി: ദന്തേവാഡയില്‍ പൊലീസ് സംഘത്തെ വകവരുത്താന്‍ നക്‌സലുകള്‍ ആശ്രയിച്ചത് അതിമാരക ശേഷിയുള്ള സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്. അര ക്വിന്റലോളം ഇംപോവറൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.സാധാരണ ഗതിയില്‍ പൊലീസ് വാഹനങ്ങളെ ലക്ഷ്യമിട്ട് നക്‌സലുകള്‍ നടത്താറുള്ള സ്‌ഫോടനത്തിന്റെ പത്ത് മടങ്ങെങ്കിലും അധികം വരും ഇതെന്നാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ മുന്‍ മേജര്‍ ജനറല്‍ അശ്വിനി സിവാച്ചിന്റെ വിലയിരുത്തല്‍. പൊലീസ് സംഘം സഞ്ചരിച്ചത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടുണ്ട്.
സാധാരണ നക്‌സല്‍ വിരുദ്ധ സൈനിക നടപടികള്‍ക്ക് ഉപയോഗിക്കുന്ന പൊലീസിന്റെയും സൈന്യത്തിന്റെയും വാഹനങ്ങളില്‍ ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ രഹസ്യ വിവരത്തെതുടര്‍ന്ന് ദന്തേവാഡയിലേക്ക് ദൗത്യത്തിന് അയച്ച ഡി.ആര്‍.ജി സംഘത്തിന് സഞ്ചരിക്കാന്‍ നല്‍കിയത് വാടകക്ക് വിളിച്ച മിനി വാന്‍ ആയിരുന്നു. യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ് ഈ വാഹനത്തില്‍ സൈനികര്‍ ദൗത്യത്തിന് പുറപ്പെട്ടത്. നകസല്‍ വിരുദ്ധ നടപടികളില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് സൈനികരെ ലക്ഷ്യമിട്ട് സ്‌ഫോടനം നടന്നത്.
സ്‌ഫോടനം നടന്ന സ്ഥലത്ത് റോഡിന്റെ അത്ര തന്നെ വീതിയില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. റോഡിന് കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നുവെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. റോഡിന്റെ ഏത് ഭാഗത്തു കൂടി വാഹനം കടന്നുപോയാലും അപകടം ഉറപ്പാക്കാനായിരുന്നു ഇതെന്നാണ് നിഗമനം. റോഡില്‍ രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തത്തിന്റെ ആഴം ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ മാരക പ്രഹര ശേഷി സൂചിപ്പിക്കുന്നതാണ്. സ്‌ഫോടനത്തിനു പിന്നാലെ പൊലീസുകാര്‍ സഞ്ചരിച്ച വാഹനം 20 അടിയോളം ഉയരത്തില്‍ പൊങ്ങിയാണ് നിലംപതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതും അതിമാരക പ്രഹര ശേഷി സൂചിപ്പിക്കുന്നതാണ്.മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ തങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതിലുള്ള ആധിയാണ് ആക്രമണങ്ങള്‍ക്ക് നക്‌സലുകളെ പ്രേരിപ്പിച്ചിരിക്കാമെന്നാണ് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിക്കു കീഴില്‍ 400ഓളം നക്‌സലുകള്‍ ഓരോ വര്‍ഷവും കീഴടങ്ങുന്നുണ്ട്.
അതേസമയം ഛത്തീസ്ഗഢില്‍ കുഴിബോംബാക്രമണത്തില്‍ പത്ത്് പൊലീസുകാരും ഡ്രൈവറായിരുന്ന നാട്ടുകാരനും കൊല്ലപ്പെട്ടു. പ്രശ്ന ബാധിത മേഖലയായ ദണ്ഡേവാദയിലെ ബസ്തറില്‍ ആറന്‍പൂര്‍ പൊലീസ് സ്റ്റേഷനു സമീപമാണ് വന്‍ സംഭവം നടന്നത്.