ഗുവാഹത്തി: അസമിലെ ധുബ്രി ജില്ലയില്‍ ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. ധുബ്രി ടൗണില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ അദബാരിയിലെ പാലത്തിന്റെ തൂണില്‍ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണര്‍ക്കൊപ്പം ധുബ്രി സര്‍ക്കിള്‍ ഓഫീസര്‍ സഞ്ജു ദാസ്, ലാന്റ് റെക്കോര്‍ഡ് ഉദ്യോഗസ്ഥന്, അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) ഉദ്യോഗസ്ഥന് എന്നിവരും ബോട്ടില്‍ ഉണ്ടായിരുന്നു. രണ്ടു ഉദ്യോഗസ്ഥര്‍ നീന്തിരക്ഷപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
മണ്ണൊലിപ്പ് ബാധിത പ്രദേശം അളന്ന് തിട്ടപ്പെടുത്താനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.